കുട്ടികൾ ഓടിയെത്തും; സ്കൂൾ പോസ്റ്ററുകൾ ഹിറ്റ്
text_fieldsശ്രീകണ്ഠപുരം: പുതിയ അധ്യയന വർഷത്തേക്ക് കുട്ടികളെ എത്തിക്കാൻ സ്കൂളുകൾ ഇത്തവണ നേരത്തെ തന്നെ ഒരുങ്ങി. കടുത്തമത്സരം നിലനിൽക്കുന്നതിനാൽ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് പുറമെ സർക്കാർ സ്കൂളുകളും വേറിട്ട പരസ്യവുമായി രംഗത്തിറങ്ങി. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ സിനിമ ഡയലോഗുകളും രംഗങ്ങളും വച്ചുള്ള പോസ്റ്ററുകൾ വരെ സ്കൂളുകൾ ഇറക്കിക്കഴിഞ്ഞു.
പോസ്റ്ററുകൾ നവമാധ്യമങ്ങൾ വഴിയാണ് നാടും മറുനാടും കടന്നത്. ഏവർക്കും കൗതുകമുണർത്തുന്ന പോസ്റ്ററുകളാണ് പലതും. കോഴിക്കോട് കുന്നത്തുപാലം ഒളവണ്ണ എ.എൽ.പി സ്കൂൾ പുറത്തിറക്കിയ വടക്കൻ വീരഗാഥ സിനിമയുടെ പോസ്റ്റർ വച്ചുള്ള പരസ്യവും ഇടുക്കി മുതിരപ്പുഴ ഗവ.എൽ.പി സ്കൂൾ പുറത്തിറക്കിയ ലേലം സിനിമയുടെ പോസ്റ്റർവച്ചുള്ള പരസ്യവും വൈറലായി.
പലരും പലവട്ടം പലകുറി ചന്തുവിനെ തോൽപിച്ചു. പക്ഷെ ചന്തുവിന്റെ മകനെ ഇനി ആർക്കും തോൽപ്പിക്കാനാവില്ല മക്കളേ ... എന്റെ മകൻ പഠിക്കുന്നത് ഒളവണ്ണ എൽ.പി സ്കൂളിലാണ്. പരിമിതമായ സീറ്റിലേക്ക് ഇന്ന് തന്നെ അഡ്മിഷൻ ഉറപ്പാക്കൂ... എന്നാണ് ഒളവണ്ണയുടെ പോസ്റ്ററിൽ പറയുന്നത്.
സ്കൂളിലെ അധ്യാപകൻ ലിനോജാണ് മമ്മൂട്ടിയുടെ ചിത്രം വച്ചുള്ള ഈ പോസ്റ്റർ തയാറാക്കിയത്. പ്രധാനാധ്യാപകൻ എം. രഞ്ജിത്തിന്റെയും മറ്റ് അധ്യാപകരുടെയും സഹായവും കൂടിയായതോടെ പോസ്റ്റർ അതിഗംഭീരമാവുകയും ചെയ്തു. പരസ്യം കണ്ട് കൗതുകം തോന്നിയവരും പ്രവേശനം തേടി വിളിച്ചവരും ഏറെയുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.
ലേലം സിനിമയിലെ നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല എന്ന ഡയലോഗിനൊപ്പം സൗജന്യ വിദ്യാഭ്യാസം നൽകുന്ന മുതിരപ്പുഴ ഗവ. സ്കൂൾ അന്നുണ്ടായിരുന്നെങ്കിൽ പോയി ഇംഗ്ലിഷ് പഠിച്ചേനേ... എന്നുകൂടി വച്ചാണ് മുതിരപ്പുഴ സ്കൂൾ പോസ്റ്റർ ഇറക്കിയത്.
കണ്ണൂരിലെ ചില സ്കൂളുകളും വേറിട്ട പോസ്റ്ററുകൾ ഒരുക്കി കുട്ടികളെ കാത്തിരിക്കുകയാണ്. ഭവന സന്ദർശനം നടത്തി ഓഫറുകൾ നൽകിയാണ് ചില വിദ്യാലയങ്ങൾ കുട്ടികളെ സ്വന്തമാക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും വാഹന സൗകര്യവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വന്നതോടെ മത്സരം കൂടിയതിനാലാണ് കുട്ടികളെ ആകർഷിക്കാൻ വേറിട്ട തന്ത്രങ്ങൾ ഇറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.