ശ്രീകണ്ഠപുരത്ത് കടയിൽ മോഷണം; അഞ്ചുലക്ഷം കവർന്നു
text_fieldsശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി റോഡരികിൽ ഓടത്തുപാലത്തിന് സമീപത്തെ എസ്.എം.എസ് ട്രേഡേഴ്സില്‍ നിന്ന് അഞ്ചു ലക്ഷം രൂപ കവര്‍ന്നതായി കാണിച്ച് കട നടത്തിപ്പുകാരന് മലപ്പുറം വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പൊട്ടയില്‍ അഷ്കർ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
കോഴിത്തീറ്റ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ മൊത്ത വ്യാപാര സ്ഥാപനമാണിത്. അഷ്കറിന്റെ സഹോദരന് ഉണ്ണീന്‍കുട്ടിയുടെ പേരിലാണ് കട. അഷ്കറാണ് കട നടത്തിവരുന്നത്. ചൊവ്വാഴ്ച രാവിലെ ജീവനക്കാരൻ ഒരു ഷട്ടര്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ സ്ഥാപനത്തിന്റെ കാബിന് തുറന്ന നിലയില്‍ കാണപ്പെട്ടു. അഷ്കര്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് മേശവലിപ്പില്‍ സൂക്ഷിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. ശ്രീകണ്ഠാപുരം പൊലീസ് ഇൻസ്പെക്ടർ ടി.എന്‍. സന്തോഷ് കുമാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥാപനത്തിന്റെ ഷട്ടര്‍ കുത്തിപ്പൊളിച്ചിട്ടില്ല. കട ഏതെങ്കിലും രീതിയില്‍ തുറന്നതാണോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. സി.സി.ടി.വി കാമറകളും പരിശോധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.