ശ്രീകണ്ഠപുരത്ത് സിറ്റി പൊലീസ് കമീഷണർ വന്നില്ല; റൂറൽ ഓഫിസും
text_fieldsശ്രീകണ്ഠപുരം: ജില്ലയിൽ സിറ്റി പൊലീസ് കമീഷണറും റൂറൽ ഓഫിസും കടലാസിലൊതുങ്ങി. കണ്ണൂർ കോർപറേഷനായപ്പോൾ തന്നെ പൊലീസിൽ അനിവാര്യമായി നടപ്പാക്കേണ്ടുന്ന സിറ്റി പൊലീസ് കമീഷണർ നിയമനവും റൂറൽ ഓഫിസ് മാറ്റവുമാണ് നാല് വർഷം കഴിയുമ്പോഴും ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നത്.
തുടക്കത്തിൽ ആലോചനകൾ നടന്നെങ്കിലും ജില്ല പൊലീസ് മേധാവിയുടെ റൂറൽ ഓഫിസ് മാറ്റം കൂടി വന്നതോടെ തീരുമാനം നീട്ടി. കണ്ണൂരിൽ സിറ്റി പൊലീസ് കമീഷണർ വരുന്നതോടെ ജില്ല പൊലീസ് മേധാവിയുടെ റൂറൽ ഓഫിസ് മലയോരത്തേക്ക് മാറ്റാനാണ് ആഭ്യന്തര വകുപ്പ് ആദ്യം ആലോചിച്ചത്.
ജില്ല പൊലീസ് സൂപ്രണ്ടിെൻറ ഓഫിസ് റൂറൽ ഓഫിസായി സ്ഥാപിക്കാൻ തീരുമാനിച്ചപ്പോൾ ശ്രീകണ്ഠപുരം, മട്ടന്നൂർ, പയ്യന്നൂർ എന്നിവിടങ്ങളാണ് ആദ്യം പരിഗണിച്ചിരുന്നത്.
ഇതിൽ ഇരിട്ടി പൊലീസ് സബ്ഡിവിഷനിൽ വരുന്ന മട്ടന്നൂരും തളിപ്പറമ്പ് സബ്ഡിവിഷനു കീഴിലുള്ള പയ്യന്നൂരും പൂർണമായും നേരത്തെ മുതൽ നഗരപ്രദേശങ്ങളാണ്. ശ്രീകണ്ഠപുരം കന്നി നഗരസഭയാണെന്നതും സൗകര്യമുണ്ടെന്നതും മറ്റും പരിഗണിച്ചാണ് ഇവിടെ റൂറൽ ഓഫിസ് സ്ഥാപിക്കാൻ തീരുമാനിച്ചത്. കേരള- കർണാടക അതിർത്തി വനമേഖലയോട് ചേർന്ന മലയോര പ്രദേശങ്ങളിൽ മാവോവാദി സാന്നിധ്യം നേരത്തെ മുതൽ ശക്തമായിരുന്നു.
മലയോര മേഖലയുടെ കേന്ദ്രമായ ശ്രീകണ്ഠപുരത്ത് റൂറൽ ഓഫിസ് സ്ഥാപിക്കുകയാണെങ്കിൽ ഗ്രാമീണ മേഖലകളിലെല്ലാം എത്തിപ്പെടാവുന്ന ഓഫിസായി പ്രവർത്തിക്കാൻ കഴിയുമെന്ന് ആഭ്യന്തര വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. ശ്രീകണ്ഠപുരത്ത് സി.ഐ ഓഫിസ് നിലവിൽ ഒഴിഞ്ഞുകിടക്കുന്നുണ്ട്. പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഏക്കർകണക്കിന് സ്ഥലം വെറുതെ കിടക്കുന്നുമുണ്ട്. ഇവിടെ റൂറൽ ഓഫിസ് പ്രവർത്തിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
റൂറൽ ഓഫിസ് മാറ്റാനും കണ്ണൂരിൽ സിറ്റി പൊലീസ് കമീഷണർ ഓഫിസ് സ്ഥാപിക്കാനും ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങിയെങ്കിലും പിന്നീട് അവ വഴിമുട്ടുകയായിരുന്നു. ഏറെ വൈകി കഴിഞ്ഞ വർഷം റൂറൽ ഓഫിസ് മാങ്ങാട്ടുപറമ്പ് കെ.എ.പി ക്യാമ്പിൽ പ്രവർത്തനം തുടങ്ങാനും കണ്ണൂരിൽ കമീഷണറെ നിയോഗിക്കാനും തീരുമാനിച്ച് പ്രഖ്യാപനവുമിറക്കി. മാങ്ങാട്ടുപറമ്പ് ക്യാമ്പിൽ നിരവധി മികച്ച കെട്ടിടങ്ങളുണ്ടെന്നതിനാൽ അവയിലൊന്ന് റൂറൽ ഓഫിസിനായി ഉപയോഗിക്കാമെന്നും പുതിയ കെട്ടിടം പണിയേണ്ട ആവശ്യം
ഒഴിവാകുമെന്നുമാണ് അധികൃതർ പറഞ്ഞിരുന്നത്. അപ്പോഴും റൂറൽ ഓഫിസ് മലയോര മേഖലയിൽതന്നെയാണ് വേണ്ടതെന്നും നഗരത്തിൽ പ്രവർത്തിച്ചതുകൊണ്ട് കാര്യമില്ലെന്നുമുള്ള ചർച്ചകളുയർന്നു. ഇതോടെ പ്രഖ്യാപനം ജലരേഖയാവുകയും ചെയ്തു. നിലവിലെ കോവിഡ് സാഹചര്യവും മറ്റും കണക്കിലെടുത്ത് ഇവ വേഗത്തിൽതന്നെ യാഥാർഥ്യമാക്കണമെന്ന ആവശ്യം സേനയിലും പുറത്തും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.