ശ്രീകണ്ഠപുരം സെൻട്രൽ ജങ്ഷൻ ഇനി ഗാന്ധി സർക്കിൾ
text_fieldsശ്രീകണ്ഠപുരം: സംസ്ഥാന സർക്കാറിന്റെ അഞ്ച് കോടിയുടെ നഗരവികസന പ്രവൃത്തികളുടെ ഭാഗമായി സെൻട്രൽ ജങ്ഷനും മാറ്റംവരുന്നു. ട്രാഫിക് സിഗ്നൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ജങ്ഷൻ ഇനി ഗാന്ധി സർക്കിളായി അറിയപ്പെടും. നഗരസഭയുടെ പ്രത്യേക തീരുമാനപ്രകാരമാണ് ഗാന്ധി പ്രതിമ സ്ഥാപിച്ച് ഗാന്ധി സർക്കിൾ ഒരുക്കുന്നത്.
സംസ്ഥാന പാതയിൽ മൂന്ന് ഭാഗത്തേക്ക് വാഹനങ്ങൾ തിരിയുന്ന ഇവിടം സിഗ്നലിനു നടുവിലായാണ് റോഡിൽ ഗാന്ധി പ്രതിമ സ്ഥാപിക്കൽ പ്രവൃത്തി തുടങ്ങിയത്. ഗാന്ധിജിയുടെ പൂർണകായ പ്രതിമ സ്വകാര്യ വ്യക്തിയാണ് നഗരസഭക്ക് നിർമിച്ച് സൗജന്യമായി നൽകുക.
മുന്നോടിയായി കോൺക്രീറ്റ് ഭിത്തി ഒരുങ്ങിക്കഴിഞ്ഞു. പ്രതിമ ഇതിനു മുകളിലാണ് സ്ഥാപിക്കുക. പ്രതിമ അനാഛാദനവും ഗാന്ധി സർക്കിൾ പ്രഖ്യാപനവും ഒക്ടോബർ രണ്ടിന് നടത്തുവാനാണ് തീരുമാനമെന്ന് നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന പറഞ്ഞു. ഗാന്ധി സർക്കിളിനു പിന്നാലെ നഗരവികസനവും പൂർത്തിയാവും. ശ്രീകണ്ഠപുരത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന പ്രവൃത്തിയാണ് നിലവിൽ നടക്കുന്നത്.
ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയോട് ചേർന്ന് ശ്രീകണ്ഠപുരത്ത് ഇന്റർലോക്ക് വിരിക്കുന്ന പ്രവർത്തികളും നിലവിൽ നടക്കുന്നുണ്ട്. ഓവുചാലുകളുടെ നിർമാണവും ഏറെക്കുറെ പൂർത്തിയായി. ടെയ്ക്ക് എ ബ്രേക്ക് കെട്ടിടത്തോട് ചേർന്നുള്ള പൊതുമരാമത്ത് ഭൂമിയിൽ വലിയ ഓപൺ സ്റ്റേജും ഒരുക്കിയിട്ടുണ്ട്.
ഇതിനോട് ചേർന്നുള്ള ഭാഗത്ത് കൈവരിയും ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. സജീവ് ജോസഫ് എം.എൽ.എയുടെ സാനിധ്യത്തിൽ കഴിഞ്ഞ ഡിസംബർ 21ന് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നഗരസൗന്ദര്യവത്കരണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. ഇന്റർലോക്ക് വിരിച്ച നടപ്പാത, സായാഹ്നങ്ങളിൽ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, രാത്രി യാത്രക്കാർക്കായി പാതയോരത്ത് തെരുവ് വിളക്കുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.
കാഴ്ചക്കാരെ ആകർഷിക്കുന്നതിനൊപ്പം നാടിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കയംതട്ട്, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങി മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കൂടുതൽ പേരും ഇത് വഴിയാണ് കടന്നുപോകുന്നത്. മലയോരത്തിന്റെ ടൂറിസം ഹബ്ബായി നഗരത്തെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യവുമുണ്ട്. പണി നടത്തിപ്പിലെ ക്രമക്കേടും മന്ദഗതിയും തുടക്കത്തിൽ ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.