ശ്രീകണ്ഠപുരം നഗരസഭ; വാടക പുതുക്കുന്നില്ല; ആസ്തി സംരക്ഷണത്തിലും വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്
text_fieldsശ്രീകണ്ഠപുരം: ആസ്തി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രീകണ്ഠപുരം നഗരസഭക്ക് വൻവീഴ്ച. വാടക പുതുക്കാത്തതിനാൽ വൻവരുമാന നഷ്ടവും. 2022-23 സാമ്പത്തീക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
നഗരസഭയുടെ ആസ്തി രജിസ്റ്ററിലെ വിവരങ്ങൾ രേഖപ്പെടുത്തൽ അപൂർണമാണ്. ഓരോവർഷവും നടപ്പാക്കുന്ന പദ്ധതികളുടെ അടിസ്ഥാനത്തിലുള്ള അപ്ഡേഷൻ പോലും ആസ്തി രജിസ്റ്ററിൽ നടത്തിയിട്ടില്ല. കെട്ടിടങ്ങളുടെയും ഭൂമിയുടെയും വിവരങ്ങൾ അപുർണമാണ്. റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട വിവരങ്ങളും കൃത്യമാക്കിയിട്ടില്ല.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള അടിസ്ഥാന ഭൂനികുതി അതത് വില്ലേജുകളിൽ ഒടുക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ശ്രീകണ്ഠപുരത്ത് നഗരസഭ ഷോപ്പിങ് കോംപ്ലക്സ് മുറികളുടെ വാടക കാലാനുസൃതമായി പുതുക്കാത്തതിനാൽ വാടകയിനത്തിൽ ഭീമമായ നഷ്ടം സംഭവിച്ചതായും ഓഡിറ്റിൽ കണ്ടെത്തി. നഗരമധ്യത്തിൽ പ്രധാനസ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടവും മുറികളും ചെറിയ മാസവാടകക്കാണ് ഇപ്പോഴും നൽകുന്നത്.
1992ൽ പഞ്ചായത്ത് ഡയറക്ടർ അംഗീകരിച്ച ശ്രീകണ്ഠപുരം പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് ബൈലോ അനുസരിച്ചാണ് ഇവിടെ നിലവിൽ മുറികൾ വാടകക്ക് നൽകുന്നത്.
നിയമപ്രകാരം മുറികൾ പരസ്യ ലേലം നടത്തിയാണ് നൽകേണ്ടതെന്നിരിക്കെ അത് ചെയ്യാതെ നിലവിലെ വാടകക്കാർക്ക് തന്നെ നിശ്ചിത വർധന വരുത്തി പുതുക്കിയാണ് മുറികൾ നൽകുന്നതെന്നും കണ്ടെത്തി. ഭൂരിഭാഗം കെട്ടിടങ്ങളുടെയും പ്രതിമാസവാടക 1000 രൂപയിൽ കാലാനുസൃതമായി പുതുക്കി പരസ്യലേലം നടത്താത്തതിനാൽ നഗരസഭക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടായത്.
2021-22 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലും വാടക വിഷയം ഉൾപ്പെടുത്തിയിട്ടും യാതൊരു നടപടിയും നഗരസഭ സ്വീകരിച്ചില്ലെന്നും വിമർശനുണ്ട്. പാരാമെഡിക്കൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ അപാകതകൾ, ജി.ഐ.എസ് മാപ്പിങ് ഉറപ്പാക്കുക, തനത് വരുമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങൾ തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങളും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
എം.പി, എം.എൽ.എ, ഫണ്ടുകൾ ഉപയോഗിച്ചുള്ള പദ്ധതി ഭാഗമായുള്ള ആസ്തികളുടെയും ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ നടത്തിയ പ്രവൃത്തികളുടെയും വിവരങ്ങൾ ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും ഓഡിറ്റ് റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.