പകൽ കത്തുന്നു; ചൂടിൽ വാടിത്തളർന്ന് തൊഴിലാളികൾ
text_fieldsശ്രീകണ്ഠപുരം: വേനലിന്റെ കാഠിന്യം നേരത്തെയെത്തിയതിനാൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ തൊഴിലിടങ്ങളിലുള്ളവർ കൊടും ചൂടിൽ ഏറെ പ്രയാസപ്പെടുകയാണ്.
ഇത്തവണ ജില്ലയിൽ കൂടുതൽ ചൂട് രേഖപ്പെടുത്തിയത് മലയോര മേഖലയായ ചെമ്പേരിയിലാണ്.തൊഴിലാളികൾക്ക് വിശ്രമവേള നൽകുന്നതിൽ ബന്ധപ്പെട്ടവർ അലംഭാവം കാട്ടുന്നതായും ആക്ഷേപമുണ്ട്. പൊരിവെയിലത്തും ആവശ്യത്തിന് കുടിവെള്ളം പോലും ലഭ്യമാകുന്നില്ല.
ചെങ്കൽ- കരിങ്കൽ ക്വാറികളിലും കെട്ടിട നിർമാണമേഖലയിലും റോഡ് ടാറിങ് പ്രവൃത്തികളിലും ഏർപ്പെടുന്ന തൊഴിലാളികളെയാണ് കനത്ത ചൂട് ഏറെ ബാധിക്കുന്നത്. ജില്ലയിലെ പ്രധാന ചെങ്കൽ മേഖലകളായ കുറുമാത്തൂർ, ചെങ്ങളായി എടക്കുളം, മൊയാലംതട്ട്, കൊളത്തൂർ, ശ്രീകണ്ഠപുരം ചേപ്പറമ്പ്, അരീക്കാമല, പയ്യാവൂർ, കുന്നത്തൂർ, ആനയടി , കല്യാട്, ഊരത്തൂർ, ബ്ലാത്തൂർ, ഉളിക്കൽ, പരിക്കളം, തേർമല, മട്ടന്നൂർ, വെള്ളിയാംപറമ്പ്, കാങ്കോൽ, ചെറുപുഴ, പെരിങ്ങോം തുടങ്ങിയ പ്രദേശങ്ങളിൽ വേനൽ ചൂടിൽ തൊഴിലാളികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. നട്ടുച്ചയിലും തൊഴിലാളികൾക്ക് വിശ്രമമില്ല. ഉച്ചഭക്ഷണത്തിന് നാമമാത്ര സമയമാണ് കിട്ടുന്നത്. സൂര്യാഘാതമുൾപ്പെടെയുള്ള പ്രശ്നങ്ങൾ മുൻകാലങ്ങളിൽ വ്യാപകമായിരുന്നു. തൊഴിലാളികൾക്ക് ഉച്ച 12 മുതൽ മൂന്നുവരെ വിശ്രമം നൽകാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പലരും ഇത് പാലിക്കുന്നില്ല. കൊടും ചൂടും പൊടിയും തൊഴിലിടങ്ങളിൽ പതിവായതോടെ നിരവധി അസുഖങ്ങളും തൊഴിലാളികളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.