പുഴയില്‍ കാണാതായ കൃഷി ഓഫിസറുടെ മൃതദേഹം കണ്ടെത്തി
text_fieldsശ്രീകണ്ഠപുരം: പയ്യാവൂര്‍ കരിമ്പക്കണ്ടി പുഴയില്‍ വീണ് കാണാതായ കൃഷി ഓഫിസറുടെ മൃതദേഹം കണ്ടെത്തി. കരിമ്പക്കണ്ടിയിലെ മല്ലിശേരി അനില്‍ കുമാറിെൻറ (33) മൃതദേഹമാണ് വെമ്പുവ പാലത്തിന് സമീപം കണ്ടെത്തിയത്. ഇരിക്കൂര്‍ കൃഷി ഓഫിസിലെ സീനിയര്‍ കൃഷി അസിസ്റ്റൻറാണ് അനില്‍കുമാര്‍. 12ന് രാത്രി 7.30ഓടെയാണ് അനില്‍കുമാര്‍ പുഴയില്‍ വീണത്. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് വരുമ്പോള്‍ കരിമ്പക്കണ്ടിയിലെ മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തില്‍നിന്ന് കാല് വഴുതി പുഴയില്‍ വീഴുകയായിരുന്നു.
രണ്ടു ദിവസമായി അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടെ വെമ്പുവ പാലത്തിെൻറ താഴെ മുള്ക്കാടിനടുത്തുവെച്ച് അനില്‍കുമാറിെൻറ പണമടങ്ങിയ ബാഗ് ബുധനാഴ്ച കണ്ടെത്തി. ഇതിന് സമീപത്തുനിന്നായാണ് വെള്ളിയാഴ്ച പുലര്‍ച്ച 3.15ഓടെ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്.
മുള്‍ക്കാടില്‍ കുടുങ്ങിപ്പോയ മൃതദേഹം വെള്ളം ഇറങ്ങിയതോടെ പാലത്തിന് സമീപം ഒഴുകിയെത്തിയതാണെന്ന് കരുതുന്നു. കരിമ്പക്കണ്ടി പുഴക്ക് കോണ്‍ക്രീറ്റ് നടപ്പാലം പണിയാന്‍ തുടങ്ങിയിട്ട് കാലം ഏറെയായെങ്കിലും പണി പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. അതിനാല്‍ നാട്ടുകാര്‍ക്ക് ഇപ്പോഴും ആശ്രയം മുളപ്പാലമാണ്. ഇതാണ് അപകടത്തിന് വഴിവെച്ചത്.കരിമ്പക്കണ്ടിയിലെ കണ്ണന്-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ. മക്കള്‍: ഗൗതംകൃഷ്ണ, ഗൗരികൃഷ്ണ. സഹോദരങ്ങള്‍: അജേഷ്, അജിത.
അനിൽകുമാറിെൻറ ജീവനെടുത്തത് മുളപ്പാലം
ശ്രീകണ്ഠപുരം: പയ്യാവൂർ കരിമ്പക്കണ്ടിയിൽ ലക്ഷങ്ങൾ മുടക്കിയ കോൺക്രീറ്റ് നടപ്പാലം പാതിവഴിയിൽ മുടങ്ങിയപ്പോൾ നഷ്ടപ്പെട്ടത് യുവാവിെൻറ ജീവൻ. കരിമ്പക്കണ്ടിയിലെ മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തില്‍ നിന്ന് കാല്‍വഴുതി പുഴയില്‍ വീണ് ഇരിക്കൂർ കൃഷി ഓഫിസിലെ സീനിയർ അസി. അനില്‍കുമാറിെൻറ ജീവനാണ് പൊലിഞ്ഞത്.
ചൊവ്വാഴ്ച രാത്രി കനത്ത മഴയിൽ വീട്ടിലേക്ക് പോകവേയാണ് അനില്‍കുമാര്‍ പുഴയില്‍ വീണത്. കരിമ്പക്കണ്ടിയിൽ കോൺക്രീറ്റ് പാലം നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. നിർമാണം പൂർത്തിയാകാത്ത ഭാഗത്ത് നാട്ടുകാർ ഒരുക്കിയ താൽക്കാലിക മുളപ്പാലത്തിൽ നിന്നാണ് അനിൽ കുമാർ പുഴയിൽ വീണത്. കനത്ത മഴയിൽ ഇദ്ദേഹം കുത്തൊഴുക്കിൽപെടുകയായിരുന്നു. തുടർന്ന് മൂന്ന് ദിവസത്തിനുശേഷം ഒരു കിലോമീറ്റർ താഴെ വെമ്പുവ പാലത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. കരിമ്പക്കണ്ടിയിൽനിന്ന് കോളനിയിലേക്ക് 40 വർഷമായി മുളപ്പാലത്തിലൂടെയായിരുന്നു കോളനിവാസികൾ പോയിരുന്നത്. പ്രദേശവാസികളുടെ മുറവിളിയെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിലാണ് കോൺക്രീറ്റ് പാലത്തിെൻറ നിർമാണം തുടങ്ങിയത്. ഇതോടെ സമീപത്തെ വർഷങ്ങളായി ഉപയോഗിച്ചിരുന്ന മുളപ്പാലത്തിെൻറ അറ്റകുറ്റപ്പണി നടത്താതെയായി.
പട്ടികവർഗ വികസന വകുപ്പിെൻറ 50 ലക്ഷം, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിെൻറ 25 ലക്ഷം, ജില്ല പഞ്ചായത്തിെൻറ 15 ലക്ഷം എന്നിങ്ങനെ 90 ലക്ഷമാണ് നടപ്പാലം നിർമിക്കാനായി അനുവദിച്ചിരുന്നത്. എന്നാൽ, നടപ്പാലത്തിന് പകരം വാഹനം പോകുന്ന തരത്തിലുള്ള പാലം വേണമെന്നാവശ്യപ്പെട്ട് ഊരുമൂപ്പെൻറ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകി. തുടർന്ന് അന്നത്തെ ധനമന്ത്രിയെ കണ്ട് ബ്ലോക്ക്, പഞ്ചായത്ത് അധികൃതർ നടപ്പാലം മതിയെന്ന അനുമതി നേടിയെടുക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.
നിർമാണം തുടങ്ങിയ പാലം 60 ശതമാനത്തോളം പൂർത്തിയായപ്പോൾ പ്രവൃത്തി നിലച്ചു. മഴക്കാലമെത്താറായിട്ടും നിർമാണം പുനരംഭിക്കാത്തതിനെ തുടർന്നാണ് പ്രദേശവാസികൾ, പാതി നിർമിച്ച കോൺക്രീറ്റ് പാലത്തിലേക്ക് മുളയും മറ്റും കൂട്ടിക്കെട്ടി താൽക്കാലിക പാലം ഒരുക്കിയത്. ഈ മുളപ്പാലത്തിൽ നിന്നാണ് അനിൽ കുമാർ പുഴയിൽ വീണത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വെള്ളിയാഴ്ച വൈകീട്ടോടെ അനിൽ കുമാറിെൻറ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.