ഉദ്ഘാടനത്തിനു മുേമ്പ പാലം തകർന്നു; കരാറുകാരനും എൻജിനീയർമാർക്കുമെതിരെ വിജിലൻസ് കേസ്
text_fields
ശ്രീകണ്ഠപുരം: ഉദ്ഘാടനത്തിനു മുമ്പേ പാലം പുഴയിലേക്ക് തകർന്നുവീണ സംഭവത്തിൽ എൻജിനീയർമാരടക്കം മൂന്നുപേർക്കെതിരെ കണ്ണൂർ വിജിലൻസ് കേസെടുത്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ ഉളിക്കൽ പഞ്ചായത്തിലെ നുച്ചിയാട് -കോടാപറമ്പിൽ നിർമിച്ച കോൺക്രീറ്റ് നടപ്പാലം തകർന്ന സംഭവത്തിലാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങോത്തിെൻറ നേതൃത്വത്തിൽ കേസെടുത്തത്.
കരാറുകാരൻ ഏരുവേശ്ശി ചെമ്പേരിയിലെ ബേബി ജോസ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അസി. എക്സി. എൻജിനീയർ ബാബുരാജ് കൊയിലേരിയൻ, അസി. എൻജിനീയർ കെ.വി. അനിൽ കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. വിജിലൻസ് സി.ഐ പി.ആർ. മനോജിനാണ് അന്വേഷണച്ചുമതല. എ.കെ. ആൻറണി എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമിച്ചത്. പണി പൂർത്തിയാക്കി ഉദ്ഘാടനം നടത്തും മുമ്പേ 2019 ആഗസ്റ്റിലാണ് പാലത്തിെൻറ ഒരു ഭാഗം പുഴയിലേക്ക് മറിഞ്ഞു വീണത്. കാലവർഷത്തിൽ തകർന്നുവെന്നാണ് ആദ്യം പറഞ്ഞതെങ്കിലും നാട്ടുകാർ സംശയം പ്രകടിപ്പിച്ച് രംഗത്തുവരികയായിരുന്നു. അതിനിടെ പരിക്കളം സ്വദേശി വി.കെ. രാജൻ വിജിലൻസിനും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകുകയും ചെയ്തു.
ഈ പരാതിയിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് വ്യക്തമായത്. തുടർന്നാണ് രണ്ടു വർഷത്തിനു ശേഷം കേസെടുത്തത്. വൻ അഴിമതി നടന്നതായി കണ്ടെത്തിയതിനാൽ എൻജിനീയർമാർക്കെതിരെ വകുപ്പുതല നടപടിയും കരാറുകാരനെതിരെ മറ്റ് നടപടികളുമാണുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.