ആയുർവേദ ആശുപത്രിക്കായി നിർമിച്ച കെട്ടിടം കാടുകയറി നശിക്കുന്നു
text_fieldsശ്രീകണ്ഠപുരം: പയ്യാവൂരിൽ ആയുർവേദ ആശുപത്രിക്കായി നിർമിച്ച കെട്ടിടം കാടുകയറി നശിക്കുന്നു. 2016ൽ നിർമാണം പൂർത്തിയായ കെട്ടിടം ഏഴ് വർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്തിട്ടില്ല. പയ്യാവൂർ-ചന്ദനക്കാംപാറ റോഡിൽ കക്കാട്ടുകാവിലാണ് കെട്ടിടം നിർമിച്ചത്. മറ്റപ്പള്ളി വിൽസൻ എന്നയാൾ സൗജന്യമായി നൽകിയ 30 സെന്റ് സ്ഥലത്താണ് കെ.സി. ജോസഫ് എം.എൽ.എയുടെ ഫണ്ടിൽനിന്ന് 40 ലക്ഷം ചെലവഴിച്ച് ആയുർവേദ ആശുപത്രിക്കായി കെട്ടിടം ഒരുക്കിയത്.
ജില്ല പഞ്ചായത്തിനായിരുന്നു കെട്ടിടത്തിന്റെ നിർമാണ ചുമതല. 2015ലാണ് നിർമാണം തുടങ്ങിയത്. എന്നാൽ പണി പൂർത്തിയായ ശേഷം ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ആശുപത്രിയുടെ ചുറ്റും കാടുപിടിച്ചു കിടക്കുകയാണ്. കാടുപിടിച്ചുകിടക്കുന്ന കെട്ടിടത്തിൽ ഇഴജന്തുക്കളുടെ ശല്യമുണ്ട്. കഴിഞ്ഞദിവസം മുൻഭാഗത്തെ കുറച്ചുഭാഗം കാടുവെട്ടിത്തെളിച്ചിട്ടുണ്ട്.
പയ്യാവൂർ ശിവക്ഷേത്രത്തിന് സമീപത്തെ കെട്ടിടത്തിലാണ് ആയുർവേദ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. ഇവിടെ കിടത്തി ചികിത്സക്കുള്ള സൗകര്യങ്ങളില്ല. കക്കാട്ടുകാവിലെ കെട്ടിടം ഉദ്ഘാടനം നടത്തി കിടത്തി ചികിത്സയുള്ള ആയുർവേദ ആശുപത്രിയാക്കി ഉയർത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ സർക്കാറിന്റെ ഭാഗത്തുനിന്ന് തുടർ നടപടികളുണ്ടായില്ല. സർക്കാർ തലത്തിൽ നടപടികൾ സ്വീകരിച്ച് ആശുപത്രി കെട്ടിടം ഉദ്ഘാടനം നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.