ആ ധീരതക്ക് നാല്പതാണ്ടിനു ശേഷം അംഗീകാരം
text_fieldsശ്രീകണ്ഠപുരം: ആഴക്കയത്തിൽ നിന്ന് നിരവധി ജീവനുകൾ കോരിയെടുത്ത മമ്മുവിന്റെ ധീരതക്ക് നാല്പതാണ്ടിനു ശേഷം നാടിന്റെ അംഗീകാരം. മലപ്പട്ടം സ്വദേശിയും ചെങ്ങളായി കൊവ്വപ്പുറത്ത് താമസക്കാരനുമായ പവുപ്പട്ട പുതിയ പുരയിൽ മമ്മു(70)വിനെയാണ് ഒടുവിൽ ചെങ്ങളായി പൗരസമിതി ധീരത പുരസ്കാരം നൽകി ആദരിക്കുന്നത്.
1982ൽ വളപട്ടണം പുഴയിലെ ചെങ്ങളായി തൈക്കടവിൽ വിവാഹസംഘത്തിന്റെ തോണി മറിഞ്ഞപ്പോൾ എല്ലാം മറന്ന് കയത്തിലേക്ക് എടുത്തു ചാടിയ മമ്മു ഒട്ടേറെ ജീവനുകളാണ് കരയിലെത്തിച്ചത്. മരണത്തെ മുന്നിൽ കണ്ടവരെല്ലാം ഇന്ന് ജീവനോടെയിരിക്കുമ്പോൾ ദൈവതുല്യനാണ് അവർക്കെല്ലാം മമ്മൂക്ക. അന്നത്തെ ദുരന്ത ഭീതി ഓർമയുടെ കടലിരമ്പത്തോടെ മമ്മു വിവരിക്കുമ്പോൾ സർക്കാറുകൾ നൽകാത്ത അംഗീകാരത്തിന്റെ അമർഷവും അതിലുണ്ട്.
മലപ്പട്ടത്തെ ചന്തു പണിക്കരുടെ മകൾ സുജാതയുടെ കല്യാണച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരുകയായിരുന്ന കണ്ണൂർ ചാലാട് സ്വദേശികളാണ് അന്ന് പുഴകടക്കവെ തോണിയപകടത്തിൽപെട്ടത്. നിറയെ ആളുകൾ കയറിയ തോണി പുഴ മധ്യത്തിലെത്തിയപ്പോൾ തിരക്ക് കാരണം നിയന്ത്രണം നഷ്ടപ്പെട്ട് ഇളകി മറിയുകയായിരുന്നു. നിലവിളി കേട്ടതോടെ സമീപത്തുണ്ടായിരുന്ന താൻ പുഴയിലേക്ക് ചാടി... സ്ത്രീകളും പുരുഷന്മാരുമെല്ലാം തന്റെ കൈകളിൽ ഭദ്രമായി കരക്കെത്തി-മമ്മു പറയുന്നു. എട്ട് മീറ്ററോളം ആഴമുള്ള ഭാഗത്ത് മുങ്ങിപ്പോയവർക്കാണ് ജീവഹാനി സംഭവിച്ചത്. ആ സംഭവത്തിനു ശേഷവും പുഴയിൽ മുങ്ങിപ്പോയ പലരുടെയും ജീവനുകൾ മമ്മു കോരിയെടുത്തിട്ടുണ്ട്. ചെങ്ങളായിലും സമീപങ്ങളിലും പുഴയപകടങ്ങളുണ്ടായാൽ രക്ഷിക്കാനോ മൃതദേഹമെടുക്കാനോ നാട്ടുകാർ ഉടൻ മമ്മുക്കയെയാണ് വിവരമറിയിക്കുക.
സ്വർണാഭരണങ്ങൾ വെള്ളത്തിൽ പോയാലും അതെടുക്കാനായി മമ്മുക്കയെ സമീപിക്കാറുണ്ട്. കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ധീരത അവാർഡുകൾക്ക് യോഗ്യതയുണ്ടായിട്ടും അത് നേടിക്കൊടുക്കാൻ അധികൃതരിൽ നിന്നും വേണ്ടത്ര പരിശ്രമങ്ങൾ ഉണ്ടായില്ല. അന്ന് വില്ലേജ് ഓഫിസറുടെ ശിപാർശ പ്രകാരം കലക്ടർ നേരിട്ടു വിളിച്ച് സർക്കാർ ബഹുമതി വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ലഭിച്ചില്ല. മീൻ പിടിച്ചും കക്കവാരിയും ജീവിതം നയിച്ച ഈ മനുഷ്യൻ നിലവിൽ വീട്ടിൽ വിശ്രമിക്കുകയാണ്. 25 ന് വൈകീട്ട് നാലിന് ചെങ്ങളായി പൗരാവലി സംഘടിപ്പിക്കുന്ന ചടങ്ങിൽ സജീവ് ജോസഫ് എം.എൽ.എ ധീരത പുരസ്ക്കാരം മമ്മുവിന് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.