റൂറൽ ജില്ല പൊലീസിലെ ഒഴിവുകൾ നികത്തൽ വൈകുന്നു
text_fieldsശ്രീകണ്ഠപുരം: പൊലീസ് റൂറൽ ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ 35 ലധികം ഒഴിവുകളുണ്ടായിട്ടും നികത്തുന്നില്ലെന്ന് ആക്ഷേപം. നിലവിൽ കണ്ണൂർ സിറ്റിയിൽ നിന്ന് 31ഓളം ജൂനിയർ പൊലീസുകാർ റൂറൽ പൊലീസിൽ അറ്റാച്ച് ഡ്യൂട്ടി ചെയ്തുവരുന്നുണ്ട്. ഇവരെ തിരികെ വിടാതെ വച്ചിരിക്കുന്നതാണ് അമർഷത്തിനിടയാക്കുന്നത്.
സിറ്റിയിൽ നിന്ന് വന്ന 22 പൊലീസുകാർ ആന്റി നക്സൽ ഫോഴ്സിലാണ് ജോലി ചെയ്യുന്നത്. 2018 മുതൽ ആൻറി നക്സൽ വിഭാഗത്തിൽ തുടരുന്ന ഇത്രയും പൊലീസുകാരുടെ അറ്റാച്ച് ഡ്യൂട്ടി കാലാവധി 2022 ൽ കഴിഞ്ഞിരിക്കെ വീണ്ടും 2023 വരെ പുതുക്കി നൽകുകയായിരുന്നു. ഈ മാസം അവസാനത്തോടെ അഞ്ച് വർഷ കാലാവധി കഴിയുന്ന ഇവരിൽ നിന്നും റൂറൽ ജില്ലയിൽ ഇനിയും തുടരുന്നതിനു വേണ്ട അപേക്ഷയും നേരത്തെ സ്വീകരിച്ചു. തുടർന്ന് റൂറൽ പൊലീസ് മേധാവിയുടെ അനുമതിയോടെ
കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് ഇവർക്കായി കായിക പരീക്ഷയും നടത്തി. നിലവിൽ ഇവരേക്കാളും സീനിയർ ആയ പൊലീസ് ഉദ്യോഗസ്ഥർ കണ്ണൂർ സിറ്റിയിൽ ജോലി ചെയ്തു വരുമ്പോഴാണ് ഒരു വ്യവസ്ഥയും പാലിക്കാതെ ഇത്തരം നടപടികൾ സ്വീകരിച്ചതെന്നാണ് സേനക്കുള്ളിലെ സംസാരം.
കൂടാതെ 2021 ൽ കണ്ണൂർ റൂറൽ പൊലീസ് ജില്ല രൂപീകൃതമായതു മുതൽ സീനിയോറിറ്റി മാനദണ്ഡങ്ങൾ പാലിക്കാതെ ഏറ്റവും ജൂനിയർ ആയ ഒമ്പത് പൊലീസുകാർ കണ്ണൂർ സിറ്റിയിൽ നിന്നും റൂറൽ ആസ്ഥാനത്ത് ജോലി ചെയ്തുവരുന്നുണ്ട്. അവരെയും ഇതുവരെ തിരിച്ചയച്ചിട്ടില്ല.
ഈ ഒമ്പതു പൊലീസുകാരെയടക്കം സിറ്റിയിലേക്ക് തിരികെയയക്കണമെന്ന് സിറ്റി പൊലീസ് കമീഷണർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും നാളിതുവരെ അതുണ്ടായിട്ടില്ല. അത് കാരണം സിറ്റിയിൽ സിവിൽ പൊലീസ് ഓഫിസർമാരുടെ കുറവ് വരികയും കണ്ണൂർ റൂറലിൽ പരിഗണിക്കാൻ അപേക്ഷ നൽകിയ സീനിയോറിറ്റി പ്രകാരമുള്ള സ്ഥലംമാറ്റം മുടങ്ങുകയും ചെയ്തിരിക്കയാണ്.
റൂറലിൽ പല സ്റ്റേഷനുകളിലും ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാൽ അവിടെയും നിലവിലുള്ളവർ ജോലിഭാരവും കടുത്ത മാനസികസമ്മർദവും അനുഭവിക്കേണ്ടിവരുന്നുണ്ട്. റൂറലിലെ 35 ലധികം വരുന്ന ഒഴിവുകൾ നികത്തിയാൽ തന്നെ പ്രശ്ന പരിഹാരമുണ്ടാവുമെങ്കിലും അത് നീട്ടികൊണ്ടുപോകുന്ന സ്ഥിതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.