വിദ്യാർഥികളുടെ കാണാതായ ഫോണുകളും പണവും തിരിച്ചുനൽകി വനപാലകൻ
text_fieldsശ്രീകണ്ഠപുരം: പൈതല്‍മല വനാന്തരത്തിൽനിന്ന് കളഞ്ഞുകിട്ടിയ വിലകൂടിയ അഞ്ച് മൊബൈല്‍ ഫോണുകളും പണവും ഉടമസ്ഥരായ വിദ്യാർഥികൾക്ക് നൽകി വനപാലകെൻറ സത്യസന്ധത. ഞായറാഴ്ച ഉച്ചയോടെ പൈതൽമലയിലെത്തിയ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളുടെ ഫോണുകളും പണവും തിരിച്ചറിയൽ കാർഡുകളുമടങ്ങുന്ന ബാഗാണ് നഷ്ടപ്പെട്ടത്. വൈകീട്ടോടെ വിദ്യാർഥികൾ കോഴിക്കോടേക്ക് മടങ്ങി. അതിനിടെയാണ് മൊബൈല്‍ ഫോണുകളും പണവും ഉള്‍പ്പെടെ കാണാതായതായി ഇവര്‍ക്ക് മനസ്സിലായത്. എന്നാൽ, എവിടെയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തതയുണ്ടായിരുന്നില്ല.
ഇതേസമയം പൈതല്‍മലയിലെ വനപാലകന്, കുടിയാന്മലയിലെ മേനോന്‍പറമ്പില്‍ ആൻറണി ജോലി കഴിഞ്ഞ് വനത്തിലൂടെ വരുമ്പോൾ ബാഗ് കളഞ്ഞുകിട്ടുകയായിരുന്നു. പരിശോധിച്ചപ്പോള്‍ അഞ്ച് ഐഫോണുകളും പണവും നിരവധി രേഖകളും ബാഗില്‍ നിന്ന് കണ്ടെത്തി. രേഖയില്‍നിന്ന് ലഭിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ വിദ്യാര്‍ഥികളിലൊരാളുടെ രക്ഷിതാവാണ് ഫോണെടുത്തത്. ഇയാളാണ് വിദ്യാര്‍ഥികളെ ബന്ധപ്പെട്ട് കാര്യം പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൈതൽമലയിലേക്ക് തിരികെവന്ന് വനപാലകനില്നിന്ന് ബാഗ് കൈപ്പറ്റി. നഷ്ടപ്പെട്ടെന്ന് കരുതിയ ഫോണുകളും പണവും തിരിച്ചേല്പിച്ച ആൻറണിയോട് നന്ദി പറഞ്ഞാണ് ഇവര്‍ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.