ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി പണം തട്ടിയെടുത്തു
text_fieldsശ്രീകണ്ഠപുരം: ലോട്ടറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി സമ്മാനർഹമായ ടിക്കറ്റിെൻറ നമ്പറാക്കി പണം തട്ടുന്ന റാക്കറ്റ് ശ്രീകണ്ഠപുരത്തെ ലോട്ടറി ഏജൻറിനെയും തട്ടിപ്പിനിരയാക്കി. മലപ്പട്ടം സ്വദേശി പി.വി. ജനാര്‍ദനനാണ് തട്ടിപ്പിനിരയായത്. ശ്രീകണ്ഠപുരം ടൗണ്‍ കേന്ദ്രീകരിച്ച് ലോട്ടറി ടിക്കറ്റ് വില്പന നടത്തിവരുന്നയാളാണ് ഇയാള്‍. കഴിഞ്ഞ ദിവസം ഉച്ചക്ക് ശ്രീകണ്ഠപുരം സാമ ബസാറില്‍ ജനാര്ദനന് ടിക്കറ്റ് വില്പന നടത്തവെ ഒരാള്‍ രണ്ട് ടിക്കറ്റുമായി സമീപിച്ചു. കെ.എ, കെ.എച്ച് സീരിയലുകളില്‍ 530500 നമ്പറുള്ള രണ്ട് ടിക്കറ്റാണ് തട്ടിപ്പുകാരന് കാണിച്ചത്. രണ്ട് ടിക്കറ്റിെൻറയും അവസാന നാല് അക്കത്തിന് സമ്മാനമുണ്ടായിരുന്നു. ഇതുപ്രകാരം 1000 രൂപ ജനാര്‍ദനനില്‍ നിന്ന് കൈക്കലാക്കി തട്ടിപ്പുകാരന് സ്ഥലം വിട്ടു.
സ്റ്റാൻഡിലെ ലോട്ടറി ഏജന്‍സിയിലെത്തി ജനാര്ദനന് ടിക്കറ്റുകള്‍ കൈമാറിയപ്പോൾ ഇവിടത്തെ ജീവനക്കാരനാണ് ടിക്കറ്റുകള്‍ തിരുത്തിയതാണെന്ന് കണ്ടുപിടിച്ചത്. ടിക്കറ്റിെൻറ യഥാർഥ നമ്പര്‍ 539566 ആണ്. അവസാനത്തെ 66 നമ്പറും നടുക്കുള്ള ഒമ്പതും തിരുത്തി പകരം ഇവയെല്ലാം പൂജ്യമാക്കിയാണ് തട്ടിപ്പ് നടത്തിയത്. വളരെ വിദഗ്ധമായി പ്രത്യേകതരം പേന ഉപയോഗിച്ചാണ് തിരുത്തിയതെന്നാണ് സൂചന. ജനാര്ദനെൻറ പരാതിയില്‍ ശ്രീകണ്ഠപുരം പൊലീസ് അന്വേഷണം തുടങ്ങി. അടുത്തിടെ ജില്ലയിലെമ്പാടും ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ട്. ഭിന്നശേഷിക്കാരായവരടക്കമുള്ള നിരവധി ലോട്ടറി വിൽപനക്കാരാണ് തട്ടിപ്പിനിരയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.