എടക്കുളത്ത് പുലി; കൂടും കാമറയും സ്ഥാപിച്ചു
text_fieldsശ്രീകണ്ഠപുരം: ചെങ്ങളായി എടക്കുളത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബുധനാഴ്ച പുലര്‍ച്ച എടക്കുളം മേഖലയിലെ ചെങ്കല്പണയിലേക്ക് പോകുകയായിരുന്ന ലോറിത്തൊഴിലാളികളാണ് പുലിയെ കണ്ടത്. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ പി. രതീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുലിസാന്നിധ്യം സ്ഥിരീകരിച്ചത്. തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
കഴിഞ്ഞ ദിവസം സമീപ പ്രദേശമായ ചുഴലി കൊളത്തൂര്‍ റോഡില്‍ പുലിയെ നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. അതിനുശേഷം കക്കണ്ണംപാറ കലാഗ്രാമം പരിസരത്തും കണ്ടിരുന്നു.
അതിനിടെയാണ് ബുധനാഴ്ച പുലർച്ച എടക്കുളത്ത് ചെങ്കൽപണയിലേക്ക് കല്ല് കയറ്റാൻ പോവുകയായിരുന്ന ലോറി ഡ്രൈവർ സെബാസ്റ്റ്യൻ വീണ്ടും പുലിയെ കണ്ടത്. വണ്ടിയുടെ ലൈറ്റിൽ പുലിയുടെ ഫോട്ടോയും വിഡിയോയും പകർത്തി. പിന്നാലെയെത്തിയ മറ്റ് വണ്ടിക്കാരും പുലിയെ കണ്ടതായി സാക്ഷ്യപ്പെടുത്തി. തുടർന്നാണ് വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചത്.
ഉച്ചയോടെ സ്ഥലത്ത് കൂടും സി.സി.ടി.വി കാമറയും സ്ഥാപിച്ചു. വൈകീട്ടും രാത്രിയുമായി പ്രദേശമാകെ ഡ്രോൺ കാമറയും പറത്തി. സ്ഥലത്ത് വനപാലകർ ക്യാമ്പ് ചെയ്യുന്നുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരായ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. ബാലൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മുകേഷ്, മുഹമ്മദ് ഷാഫി, എം.കെ. ജിജേഷ്, പി.പി. രാജീവൻ, സുജിത് രാഘവൻ, പി.സി മിഥുൻ, കെ. ഫാത്തിമ, വൈശാഖ് രാജൻ എന്നിവർ തിരച്ചിലിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.