തീപിടിത്തവും ദുരന്തങ്ങളും ഏറെ...എവിടെ ശ്രീകണ്ഠപുരം അഗ്നിരക്ഷ നിലയം?
text_fieldsശ്രീകണ്ഠപുരം: വേനലിന്റെ തീവ്രതയേറിയതോടെ മലയോര മേഖലയിൽ തീപിടിത്തങ്ങളും പതിവാകുന്നു. കാട്ടു തീ ഭീഷണിക്കു പിന്നാലെ മറ്റു ദുരന്തങ്ങളും ഉൾഗ്രാമങ്ങളിൾ ഉണ്ടാവുന്നുണ്ട്.
മലയോര ഗ്രാമങ്ങളിലെ കശുമാവിൻതോട്ടങ്ങളിലടക്കം നിരവധി സ്ഥലങ്ങളിലാണ് കഴിഞ്ഞ രണ്ടു മാസത്തിനിടെ ചെറുതും വലുതുമായ തീപിടിത്തം ഉണ്ടായത്.
ഇത്തരം ദുരന്തമുണ്ടായാൽ സഹായത്തിനെത്തേണ്ട അഗ്നിരക്ഷസേനയുടെ മലയോര കേന്ദ്രമെന്ന നിലക്ക് ശ്രീകണ്ഠപുരത്ത് സൗകര്യം വേണമെന്ന ആവശ്യം ഇനിയും യാഥാർഥ്യമായില്ല. യു.ഡി.എഫ് സർക്കാരും എൽ.ഡി.എഫ് സർക്കാറും ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപനമിറക്കിയിട്ടും മലയോരത്തെ അഗ്നിരക്ഷനിലയം സംബന്ധിച്ച് തുടർനടപടികളൊന്നുമുണ്ടായില്ല. അനുവദിച്ചുവെന്ന് പറഞ്ഞ് കാലങ്ങൾ പിന്നിടുമ്പോഴും അത് യാഥാർഥ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം മലപ്പട്ടം ഹൈസ്കൂളിന് സമീപമുണ്ടായ തീപിടിത്തത്തിൽ മട്ടന്നൂർ സ്വദേശി വി.വി. പത്മനാഭൻ നമ്പ്യാരുടെ കശുമാവ് തോട്ടം കത്തി നശിച്ചു. തളിപ്പറമ്പ് നിന്നെത്തിയ അഗ്നി രക്ഷസേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. കഴിഞ്ഞ വർഷത്തെ വേനൽക്കാലത്ത് ശ്രീകണ്ഠപുരം, ആലക്കോട്, നടുവിൽ ഭാഗങ്ങളിൽ 41 സ്ഥലങ്ങളിൽ തീപിടിത്തമുണ്ടായി.
കഴിഞ്ഞ മാസം 16ന് ശ്രീകണ്ഠപുരം കമ്യൂണിറ്റി ഹാളിന് സമീപവും തുമ്പേനിയിലും തീപിടിത്തത്തിൽ നിരവധി ഏക്കർ സ്ഥലം കത്തിനശിച്ചു. പലപ്പോഴും മലയോര മേഖലകളിലെ തീപിടിത്തവും മറ്റപകടങ്ങളും നടക്കുമ്പോൾ കൃത്യസമയത്തെത്താൻ അഗ്നിരക്ഷ സേനക്കും സാധിക്കാറില്ല.
ഏറെ ദൂരെയുള്ള തളിപ്പറമ്പ്, മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷ സേന എത്തണമെങ്കിൽ സമയമെടുക്കും. ദുരന്തങ്ങൾ കഴിഞ്ഞ ശേഷമാണ് പലപ്പോഴും അഗ്നിരക്ഷ സേനക്ക് അതിർത്തി ഗ്രാമങ്ങളിലെത്താൻ കഴിയാറുള്ളൂ. ജില്ലയിൽ 2019, 2020 വർഷങ്ങളിലുണ്ടായ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് ശ്രീകണ്ഠപുരം, ചെങ്ങളായി മേഖലകളെയാണ്. ഏരുവേശ്ശി, പയ്യാവൂർ പഞ്ചായത്തുകളിൽ കഴിഞ്ഞ വർഷങ്ങളിൽ 18 സ്ഥലങ്ങളിലാണ് ഉരുൾപൊട്ടിയത്.
മഴകനത്താൽ ശ്രീകണ്ഠപുരം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതും പതിവാണ്. വേനൽക്കാലത്ത് പൈതൽമലയിലും പാലക്കയം തട്ടിലും കാഞ്ഞിരക്കൊല്ലിയിലും കാക്കണ്ണൻ പാറയിലും മലയോരത്തെ മറ്റ് ഗ്രാമങ്ങളിലും കാട്ടുതീയും ഉണ്ടാകാറുണ്ട്.
ചെങ്ങളായി, പയ്യാവൂർ, ശ്രീകണ്ഠപുരം, പൊടിക്കളം പുഴകളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദ്യാർഥികളടക്കം ഇരുപതോളം പേർ മുങ്ങിമരിച്ചിരുന്നു. കുളിക്കാനിറങ്ങിയപ്പോഴാണ് കുട്ടികൾ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. തക്കസമയത്ത് അഗ്നിരക്ഷ സേനയുടെ സേവനം കിട്ടിയിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങളിൽ ചില ജീവനുകളെങ്കിലും രക്ഷിക്കാൻ കഴിയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.