ഇവർക്ക് മഴ നനയാതെ അന്തിയുറങ്ങണം; ആരെങ്കിലും കനിയുമോ
text_fieldsശ്രീകണ്ഠപുരം: മാനത്ത് മഴ മേഘങ്ങൾ കാണുമ്പോൾ ഉള്ളിൽ സങ്കടക്കോളുമായി കഴിയുന്ന ഒരു കുടുംബം ഇവിടെയുണ്ട്. മഴ നനയാതെ അന്തിയുറങ്ങാനാവണേയെന്ന പ്രാർഥനയിലാണിവർ. നടുവിൽ പൂവത്താൻ കുഴിയിലെ തെങ്ങിൽ വീട്ടിൽ ലക്ഷ്മണനും(59) ഭാര്യ രാധാമണിയുമാണ് (57) ദുരിത നടുവിൽ കഴിയുന്നത്. തകർന്നു വീഴാറായ വീട്ടിൽ അന്തിയുറങ്ങാൻ തുടങ്ങിയിട്ട് അഞ്ച് വർഷത്തിലധികമായി.
മഴക്കാലമെത്തുമ്പോഴാണ് ആശങ്ക കൂടുതൽ. പട്ടികയും കഴുക്കോലും ദ്രവിച്ച് എപ്പോൾ വേണമെങ്കിലും നിലംപൊത്താറായ അവസ്ഥയിലാണ് ഇവരുടെ ഓട് മേഞ്ഞ പഴയ രണ്ട് മുറി വീട്. പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചു കെട്ടിയാണ് ഇപ്പോൾ ഇതിനകത്ത് കഴിയുന്നത്.
പല സമയങ്ങളിലായി പഞ്ചായത്തിലും ലൈഫ് മിഷനിലും അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്ന് ലക്ഷ്മണൻ പറയുന്നു. ഓഫിസുകളിൽ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഇരുവരെയും രോഗങ്ങളും അലട്ടുന്നുണ്ട്. കിടന്നുറങ്ങാൻ അടച്ചുറപ്പുള്ള ഒരു ചെറിയ വീടാണ് ഇവരുടെ സ്വപ്നം. അതിന് ഇനിയാരെങ്കിലും കനിയുമോയെന്ന കാത്തിരിപ്പിലാണീ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.