പുലിഭീതിയിൽ ഏരുവേശ്ശി
text_fieldsശ്രീകണ്ഠപുരം: പുലിഭീതി നിലനിൽക്കുന്ന ഏരുവേശിയിലെ ഉൾഗ്രാമങ്ങളിൽ വനപാലകരുടെ തിരച്ചിൽ. ചെമ്പേരി പുറഞ്ഞാണിലും വഞ്ചിയം പഞ്ഞിക്കവല അംഗൻവാടിക്കുസമീപവുമാണ് ഞായറാഴ്ച പുലിയിറങ്ങിയതായി പ്രദേശവാസികൾ പറഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ നരിയൻമാവിലാണ് റബർ ടാപ്പിങ് തൊഴിലാളികൾ പുലിയെ കണ്ടത്.
റോഡിനുകുറുകെ പുലി കടന്നുപോകുന്നതായി കണ്ട ടാപ്പിങ് തൊഴിലാളി ആനിക്കൽ ഷാജിയാണ് പ്രദേശവാസികളോട് വിവരം പറഞ്ഞത്. ഇതോടെ മറ്റ് ചിലരും പുലിയെ കണ്ടതായി പറയുകയായിരുന്നു. ഭയന്നുവിറച്ച ടാപ്പിങ് തൊഴിലാളികൾ മറ്റ് ഭാഗങ്ങളിലേക്ക് പോവുകയാണുണ്ടായത്.
ഞായറാഴ്ച വഞ്ചിയം പഞ്ഞിക്കവലയിലെ കോട്ടി രാഘവന്റെ വീട്ടിലെ ഗർഭിണിയായ ആടിനെ വീട്ടുമുറ്റത്തെ കൂട്ടിൽനിന്ന് കടിച്ചു കൊണ്ടുപോയി കുന്നിൻമുകളിലെ പറമ്പിൽവെച്ച് തലഭാഗം കഴിച്ചശേഷം ഉടൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയതോടെയാണ് പുലിയിറങ്ങിയതായി സൂചന ലഭിച്ചത്. പിന്നാലെ ചെമ്പേരി പുറഞ്ഞാണിലെ ഈട്ടിക്കൽ ബിജുവിന്റെ വീടിനടുത്ത പറമ്പിലും പുലിയെ കണ്ടിരുന്നു.
തിങ്കളാഴ്ചയും പുലിയെ കണ്ടതിനാൽ ജനങ്ങളാകെ ഭീതിയിലാണുള്ളത്. പൊലീസും വനപാലകരും തിരച്ചിൽ തുടർന്നെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല. ള്ളിക്കൽ, ആറളം ഭാഗങ്ങളിലും പുലിഭീതി നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.