ഏരുവേശ്ശി അരീക്കാമലയിലും പുലിപ്പേടി
text_fieldsശ്രീകണ്ഠപുരം: ചെങ്ങളായി എടക്കുളത്തിനു പിന്നാലെ ഏരുവേശ്ശി അരീക്കാമലയിലും പുലിപ്പേടി. അരീക്കാമലയിൽ തൊഴുത്തില്‍ കെട്ടിയ മൂന്ന് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയതോടെയാണ് ഭീതി പരന്നത്. ചെമ്പേരി മണ്ണങ്കുണ്ടിലെ ചോലങ്കരിയില് ബിനോ സെബാസ്റ്റ്യന്റെ ആടുകളാണ് കൊല്ലപ്പെട്ടത്.
ഇതോടെയാണ് പുലിയിറങ്ങിയതായുള്ള പ്രചാരണം ഉണ്ടായത്. മണ്ണങ്കുണ്ടില് താമസിക്കുന്ന സെബാസ്റ്റ്യന്റെ തൊഴുത്ത് അരീക്കാമലയിലാണ്. വെള്ളിയാഴ്ച രാത്രി ഏഴുവരെ സെബാസ്റ്റ്യന്‍ ഇവിടെയുണ്ടായിരുന്നു. പിന്നീട് വീട്ടിലേക്ക് പോയി. ശനിയാഴ്ച രാവിലെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയപ്പോഴാണ് ആടുകളെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
ചെങ്ങളായിൽ കണ്ട പുലി ഇവിടെയെത്തി ആടുകളെ കടിച്ചു കൊന്നതാവാമെന്ന പ്രചാരണമാണ് ഉണ്ടായത്. നവമാധ്യമങ്ങളിലും മറ്റും ചിലർ പുലിപ്പേടി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രദേശവാസികൾ ഭീതിയിലായി. വിവരമറിഞ്ഞ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി. രതീശന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്തുനിന്ന് ചില കാൽപാടുകൾ കണ്ടെത്താനായെങ്കിലും പുലിയുടേതല്ലെന്ന് വനംവകുപ്പധികൃതർ പറഞ്ഞു. ആടിനെ കടിച്ചുകൊന്ന് ഉപേക്ഷിച്ച നിലയിലാണ്. അതിനാൽ കാട്ടുപൂച്ചയോ കുറുക്കനോ ആവാം ആടിനെ കടിച്ചുകൊന്നതെന്നാണ് അധികൃതരുടെ നിഗമനം. സ്ഥലത്തെത്തിയ മൃഗഡോക്ടറും ഈ സൂചനയാണ് നൽകിയത്.
വനപാലകർ ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും പുലി സാന്നിധ്യം കണ്ടെത്താനായില്ല. തുടർന്ന് പ്രദേശത്ത് രണ്ട് കാമറകൾ സ്ഥാപിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എം. രജനീഷ്, മനോജ് വർഗീസ്, എം. മുകേഷ്, വി. നികേഷ് എന്നിവരും സ്ഥലത്തെത്തിയ വനംവകുപ്പ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.