കെടുകാര്യസ്ഥതയുടെ സ്മാരകമായി ടേക് എ ബ്രേക്
text_fieldsശ്രീകണ്ഠപുരം: ടൂറിസം വകുപ്പ് ശ്രീകണ്ഠപുരത്ത് സ്ഥാപിച്ച ടേക് എ ബ്രേക് വഴിയോര വിശ്രമകേന്ദ്രം കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കാഴ്ചയായി. നിർമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ആർക്കും ഉപകാരമില്ലാതെ ഇത് അടഞ്ഞുകിടക്കുകയാണ്.
ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ 45 ലക്ഷം രൂപ മുടക്കിയാണ് 2016ൽ ടേക് എ ബ്രേക്ക് നിർമിച്ചത്. ശൗചാലയം, കോഫി ഷോപ്, എ.ടി.എം, വിശ്രമമുറി എന്നിവ സ്ഥാപനത്തിൽ ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം.
ആദ്യം പ്രതിമാസം 18,000 രൂപക്ക് സ്ഥാപനത്തിന്റെ നടത്തിപ്പ് സ്വകാര്യ വ്യക്തിക്ക് ഡി.ടി.പി.സി കരാർ നൽകിയെങ്കിലും നഗരസഭയും ഡി.ടി.പി.സിയും തമ്മിൽ പാർക്കിങ് ഫീസ് പിരിക്കുന്നതിനെ ചൊല്ലി തുടക്കം മുതലേ തർക്കമുണ്ടായി. ഒരു വർഷം നടത്തിയ ശേഷം കരാറുകാരൻ പൂട്ടിപ്പോവുകയും ചെയ്തു. പിന്നീട് പ്രതിമാസം 2500 രൂപ നൽകി സ്ഥാപനം ഏറ്റെടുക്കാൻ നഗരസഭ സന്നദ്ധത അറിയിച്ചെങ്കിലും സാങ്കേതിക തടസ്സം മൂലം സാധിച്ചില്ല. പിന്നീട് വർഷങ്ങളോളം അടഞ്ഞുകിടന്ന വഴിയോര വിശ്രമകേന്ദ്രം കഴിഞ്ഞ വർഷം നഗരസഭ ഇടപെട്ട് കുടുംബശ്രീയെ നടത്താനായി ഏൽപ്പിച്ചിരുന്നു. കുടുംബശ്രീ ചുമതലപ്പെടുത്തിയ ഒരു വനിത കുറച്ച് മാസം ഇത് നടത്തി. ആവശ്യമായ സൗകര്യങ്ങളില്ലായെന്നും നടത്താൻ കഴിയില്ലെന്നും കുടുംബശ്രീ അറിയിച്ചതോടെയാണ് കെട്ടിടം അടച്ചിട്ടത്. മേൽക്കൂരയും സാനിറ്ററി ഉപകരണങ്ങളുമെല്ലാം തകർന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.