തറികളുടെ നാട്ടിൽ ജലോത്സവം കാത്ത് സഞ്ചാരികൾ
text_fieldsശ്രീകണ്ഠപുരം: മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ മലപ്പട്ടം മുനമ്പ് കടവിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയായിട്ടും ഉദ്ഘാടനം നടത്താതെ അധികൃതർ. വളപട്ടണം, കുപ്പം എന്നീ പുഴകളിലൂടെയുള്ള ജലയാത്രയും സമീപ ഗ്രാമങ്ങളിലെ ഉത്തരവാദിത്ത്വ ടൂറിസം പ്രവർത്തനങ്ങളും അനുഭവേദ്യമാക്കുന്നതിനാണ് 80.37 കോടി ചെലവിൽ റിവർ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി വളപട്ടണം മുതൽ മലപ്പട്ടം മുനമ്പ് കടവ് വരെ ‘മുത്തപ്പൻ ആൻഡ് മലബാറി ക്യൂസീൻ ക്രൂസ്’ എന്ന പേരിൽ നടത്തുന്ന പദ്ധതിയുടെ പ്രവർത്തനങ്ങളാണ് മലപ്പട്ടത്ത് നിർമിച്ചത്. മുനമ്പ് കടവ്, കൊവുന്തല ഭാഗങ്ങളിൽ 2.72 കോടി ചെലവിലാണ് നിർമാണങ്ങൾ നടത്തിയത്. എന്നാൽ പണി പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം നടത്തി പാർക്ക് തുറന്നുകൊടുക്കാൻ അധികൃതർ തയാറായിട്ടില്ല.
മലയോര ടൂറിസം കവാടം
കണ്ണൂരിന്റെ മലയോര മേഖലകളിലേക്കുള്ള കവാടമായാണ് മുനമ്പിനെ കണക്കാക്കുന്നത്. മലയോരത്തെ ടൂറിസം വികസനവും പദ്ധതി വഴി ലക്ഷ്യമിടുന്നു. പറശ്ശിനിക്കടവിൽ നിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുനമ്പ് കടവിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾക്ക് പൈതൽമല, ശശിപ്പാറ, കാഞ്ഞിരക്കൊല്ലി, പഴശ്ശി ഡാം, മാലിക് ദിനാർ പള്ളി എന്നിവിടങ്ങളിലേക്കും പോകാനുള്ള സൗകര്യമുണ്ട്. നാടൻ കലാരൂപങ്ങളായ കോൽക്കളി, ഒപ്പന, തിരുവാതിരകളി തുടങ്ങിയവ സഞ്ചാരികളുടെ ആവശ്യാനുസരണം അവതരിപ്പിക്കുന്നതിനായുള്ള സൗകര്യവും ഒരുക്കും.
ഫെബ്രുവരി തൊട്ട് മേയ് വരെ പ്രദേശത്ത് വിവിധ ഇടങ്ങളിലായി പലതരം തെയ്യങ്ങളും അരങ്ങേറുന്നുണ്ട്. മുനമ്പ് കടവിനടുത്ത് അരങ്ങേറുന്ന തെയ്യം വിദേശ സഞ്ചാരികളെ എന്നപോലെ തെയ്യം പ്രേമികളെയും ആകർഷിക്കും.
എല്ലാം ഒരുങ്ങിയിട്ടും കാത്തിരിപ്പ്
വളപട്ടണം നദി-മുത്തപ്പൻ ആൻഡ് മലബാറി ക്യൂസീൻ ക്രൂയിസ് എന്ന തീമാറ്റിക് ക്രൂയിസിന് കീഴിലാണ് മലപ്പട്ടം മുനമ്പ് കടവിൽ പ്രവർത്തനങ്ങൾ നടത്തിയത്. രണ്ട് ബോട്ട് ജെട്ടികൾ, നാടൻ ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ്കോർട്ട്, കരകൗശല ഉത്പന്നങ്ങളുടെ നിർമാണം തത്സമയം കാണുവാനും ഉത്പന്നങ്ങൾ വാങ്ങുന്നതിനുമായി ആർട്ടിഫിഷ്യൽ ആലകൾ, ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നതിനുള്ള ആംഗ്ലിങ് യാർഡുകൾ, മുനമ്പ് കടവ് മുതൽ കൊവുന്തല വരെ നടപ്പാത, ഇരിപ്പിടങ്ങൾ, റെസ്റ്റ് ഹൗസ്, സൗരോർജ വിളക്കുകൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള കിയോസ്ക്, രണ്ട് ശൗചാലയങ്ങൾ എന്നിവയെല്ലാം മലപ്പട്ടം മുനമ്പ് കടവിൽ ഒരുങ്ങി. എന്നാൽ എന്ന് സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.