യാത്രക്കാർ സൂക്ഷിക്കുക; ദുരിത ‘നടുവിൽ’ ഈ യാത്ര
text_fieldsശ്രീകണ്ഠപുരം: വർഷങ്ങളുടെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവിൽ പണി തുടങ്ങിയ നടുവിൽ-ചെമ്പന്തൊട്ടി-ശ്രീകണ്ഠപുരം റോഡിൽ പലയിടത്തും അപകടക്കെണി. പ്രവൃത്തി തുടക്കം മുതലേ മന്ദഗതിയിലായതോടെ വാഹനങ്ങളും യാത്രക്കാരും ദുരിതക്കയത്തിലായി.
നിടിയേങ്ങക്കവല കഴിഞ്ഞുള്ള ഇറക്കം മുതൽ പള്ളം വരെയുള്ള ഭാഗത്ത് അശാസ്ത്രീയമായാണ് മണ്ണ് നിരത്തിയതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. നിലവിൽ മഴ തുടങ്ങിയതോടെ ഈ ഭാഗം ചളിപ്രളയമായി. നിത്യേന ഒട്ടേറെ ഇരുചക്രവാഹന യാത്രികരടക്കം ഇവിടെ അപകടത്തിൽപ്പെടുന്ന സ്ഥിതിയാണുള്ളത്.
രാത്രികാലങ്ങളിലടക്കം പുറമെ നിന്നെത്തുന്ന ഒട്ടേറെ വാഹനങ്ങൾ ഇവിടെ തെന്നി അപകടത്തിലായിട്ടുണ്ട്. വിദ്യാർഥികളും മറ്റ് കാൽനടയാത്രികരുമടക്കം ഇതുവഴി കടന്നുപോകാൻ വലിയ ദുരിതമാണനുഭവിക്കുന്നത്. കൊട്ടൂർവയൽ വേളായി ഭാഗം മുതൽ റോഡിന്റെ വശങ്ങളിൽ കരിങ്കൽ ഭിത്തി നിർമാണം നടക്കുന്നുണ്ടെങ്കിലും വേഗം പോര.
പണിയുടെ ഭാഗമായി ശ്രീകണ്ഠപുരം - പയ്യാവൂർ റോഡ് ജങ്ഷനിൽ കലുങ്ക് പുതുക്കി പണിയലിനായി റോഡിൽ വലിയ കുഴിയെടുത്ത് വെച്ചത് മറ്റൊരു അപകടക്കെണിയാണ്. ഒട്ടേറെ വാഹനങ്ങളാണ് ഇവിടെയും അപകടത്തിൽപെട്ടത്.
മൂന്നുഭാഗങ്ങളിൽനിന്ന് നിരവധി വാഹനങ്ങൾ രാത്രിയും പകലുമായി ഇതുവഴി പോകുന്നുണ്ട്. കലുങ്കിന് തൊട്ടടുത്ത് തന്നെ പ്രധാന ജങ്ഷനുള്ളത് കാരണം ഗതാഗതക്കുരുക്കും രൂക്ഷമാണ്. മറ്റിടങ്ങളിലെ കലുങ്കിന്റെ പണി ഏകദേശം പൂർത്തിയായെങ്കിലും പ്രധാന ജങ്ഷനിലുള്ള കലുങ്ക് പണി മാത്രം പൂർത്തിയാക്കാത്ത അവസ്ഥയാണുള്ളത്.
വാഹനങ്ങൾ കുഴികാണാതെ വലിയ അപകടത്തിലകപ്പെടാനുള്ള സാഹചര്യമാണ് ഇവിടെയുള്ളത്. കാസർകോട്, കണ്ണർ ജില്ലകളിലെ കുടിയേറ്റ മലയോര പ്രദേശങ്ങളിലുള്ളവർക്ക് കണ്ണൂർ വിമാനത്താവളത്തിലേക്കെത്താനുള്ള പ്രധാന റോഡാണിത്.
മൈസൂരു റോഡിലേക്കും ഇതുവഴിയാണ് സഞ്ചരിക്കേണ്ടത്.
ചെറുപുഴയിൽനിന്ന് മലയോര ഹൈവേ കടന്നു പോകുന്നതിനാൽ നടുവിൽ ടൗൺ വരെ നല്ല റോഡാണ്. ഹൈവേ പിന്നീട് പുറഞ്ഞാൺ വഴി ചെമ്പേരി-പയ്യാവൂർ വഴിയാണ് പോകുന്നത്. നടുവിൽനിന്ന് ചെമ്പന്തൊട്ടി-ശ്രീകണ്ഠപുരം വരെയുള്ള 10 കി.മി എത്തിപ്പെടാനാണ് അതിദയനീയ യാത്ര നടത്തേണ്ടിവരുന്നത്.
പാലക്കയം തട്ട്, മുന്നൂർ കൊച്ചി, കാപ്പിമല ഉൾപ്പെടെയുള്ള വിനോദസഞ്ചാരമേഖലയിലേക്ക് പോകാനും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ശ്രീകണ്ഠപുരം നഗരസഭയെയും
നടുവിൽ ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡുവഴി സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങൾ പോകുന്നുണ്ട്. ദുരിതയാത്ര പതിവായിട്ടും റോഡുപണി വേഗത്തിലാക്കാൻ അധികൃതർ തയാറായിട്ടില്ല.
ബൈപാസിലെ വെള്ളക്കെട്ട്; ചോനാടത്തെ 10 വീടുകൾ ദുരിതത്തിൽ
വെള്ളക്കെട്ടിൽ കഴിഞ്ഞദിവസം ഒരു വീടിന്റെ മതിൽ തകർന്നു
തലശ്ശേരി: ബൈപാസിൽനിന്നുള്ള മഴവെള്ളം ശാസ്ത്രീയ രീതിയിൽ താഴേക്ക് ഒഴുക്കിവിടാനുള്ള സംവിധാനം പൂർത്തിയാക്കാത്തത് തൊട്ടുതാഴെയുള്ള സർവിസ് റോഡിനും സമീപത്തെ വീടുകളിലെ താമസക്കാർക്കും കൂടുതൽ ദുരിതമാകുന്നു. കാലവർഷം ശക്തിപ്രാപിച്ചതോടെയാണ് ദുരിതം ഇരട്ടിച്ചത്.
എരഞ്ഞോളി ചോനാടത്തെ പത്തോളം വീട്ടുകാർ ഇത്തവണ പതിവ് മഴക്കാല പ്രയാസങ്ങൾക്കൊപ്പം ബൈപാസിൽനിന്ന് പലവഴിയിൽ താഴെയെത്തുന്ന മഴവെള്ളത്തിന്റെകൂടി ദുരിതം പേറേണ്ട ഗതികേടിലാണ്.
വെള്ളക്കെട്ടിൽ കഴിഞ്ഞദിവസം ചോനാടത്തെ ടി.എം. ഹരീന്ദ്രന്റെ ‘സരയൂ’ വീട്ടുമതിൽ തകർന്നിരുന്നു. സമീപമുള്ള മറ്റുവീടുകളും ഭീഷണിയിലാണ്.
കൊക്കോടൻ സതി, പോസ്റ്റ്മാൻ വിജയൻ, രേവതി, തോടി പ്രകാശൻ, തുടങ്ങിയവരുടെ കുടുംബങ്ങളാണ് ഏറെ പ്രയാസപ്പെടുന്നത്. ഇതിൽ ഏതാനും വീടുകളുടെ വരാന്തകളിൽ മഴയത്ത് വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ബൈപാസിൽ വീഴുന്ന മഴവെള്ളം പൈപ്പ് വഴിയാണ് താഴെയുള്ള ഓവുചാലിലേക്ക് ഒഴുക്കിവിടുന്നതെങ്കിലും ഏതാനും വീടുകളുടെ ഭാഗത്ത് പൈപ്പ് സ്ഥാപിച്ചിട്ടില്ല.
ഇതേതുടർന്ന് പൈപ്പിടാനായി ഡ്രിൽ ഉപയോഗിച്ച് തുളച്ച ദ്വാരത്തിൽ കൂടിയാണിപ്പോൾ വെള്ളം ശക്തിയായി താഴേക്ക് ഒഴുകുന്നത്. ദിശതെറ്റി ചിതറി വീഴുന്ന വെള്ളമാണ് സമീപത്തുള്ള വീടുകളിൽ എത്തുന്നത്.
മഴ വെള്ളം താഴേക്ക് ഒഴുക്കാൻ സ്ഥാപിച്ച പൈപ്പുകളുടെ വ്യാസം കുറഞ്ഞതും ഒഴുക്കിന്റെ ഗതി മാറ്റുന്നുണ്ട്.
എം.വി. ജയരാജൻ സന്ദർശിച്ചു
തലശ്ശേരി: ബൈപാസിൽ നിന്നുള്ള മഴവെള്ളമൊഴുകി ചോനാടംവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉടൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തുമെന്ന് സ്ഥലം സന്ദർശിച്ച സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
ജില്ല കലക്ടറുടെ നേതൃത്വത്തിൽ രൂപവത്കരിച്ച് പ്രവർത്തിക്കുന്ന ക്രൈസിസ് മാനേജ്മെന്റ് വിഭാഗമാണ് ഇക്കാര്യത്തിൽ ഇടപെടേണ്ടത്. ബൈപാസിൽ നിർമാണം പൂർത്തീകരിച്ച ഭാഗങ്ങളിലുള്ള അപാകതകൾ കാരണം പലസ്ഥലത്തും ജനങ്ങൾ പ്രയാസം നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബൈപാസ് നിർമിച്ചവരുടെ ഭാഗത്തുണ്ടായ പിശകുകൾ കാരണമാണ് ചോനാടത്തെ വീട്ടുമതിൽ തകർന്നത്. അവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
സി.പി.എം തലശ്ശേരി ഏരിയ സെക്രട്ടറി സി.കെ. രമേശൻ, മറ്റ് നേതാക്കളായ എ.കെ. രമ്യ, എ. രമേശ് ബാബു, ബിജു എന്നിവർ ജയരാജനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.