നഗരവികസനം ഉടൻ; ശ്രീകണ്ഠപുരത്തിന്റെ മുഖം മിനുങ്ങും
text_fieldsശ്രീകണ്ഠപുരം: ഇന്റർലോക്ക് വിരിച്ച നടപ്പാത, സായാഹ്നങ്ങളിൽ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, രാത്രിയാത്രക്കാർക്കായി പാതയോരത്ത് തെരുവുവിളക്കുകൾ. ശ്രീകണ്ഠപുരം നഗരം ഇനി കാഴ്ചകളാൽ മനോഹരമാകും.
സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച അഞ്ച് കോടി ചെലവിലാണ് നഗരം സൗന്ദര്യവത്കരിക്കുന്നത്. ടെൻഡർ നടപടി പൂർത്തിയായി. കാഴ്ചക്കാരെ ആകർഷിക്കുന്നതിനൊപ്പം നാടിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
പാലക്കയംതട്ട്, വൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം തുടങ്ങി മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കൂടുതൽ പേരും ഇതുവഴിയാണ് കടന്നുപോകുന്നത്. മലയോര ടൂറിസം ഹബ്ബായി നഗരത്തെ വളർത്തുകയാണ് ലക്ഷ്യം.
നഗരത്തിൽ മഴക്കാലത്ത് വെള്ളക്കെട്ട് പരിഹരിക്കാൻ ആദ്യഘട്ടത്തിൽ കോട്ടൂർ പള്ളി ബസ് സ്റ്റോപ് മുതൽ ചെങ്ങളായി ഭാഗത്തേക്ക് ശ്രീകണ്ഠപുരം നഗരസഭയുടെ അതിർത്തിവരെയും പയ്യാവൂർ ഭാഗത്തേക്ക് കാക്കത്തോട് പാലം വരെയും ഡ്രെയ്നേജ് സംവിധാനം കാര്യക്ഷമമാക്കും. തകർന്ന സ്ലാബുകൾ പുനർനിർമിക്കും.
ആവശ്യമെങ്കിൽ അഴുക്കുചാലിന്റെ ഉയരം വർധിപ്പിക്കും. അഴുക്കുചാൽ ഇല്ലാത്തഭാഗങ്ങളിൽ പുതിയത് നിർമിച്ച് കവർ സ്ലാബിടും. നടപ്പാത ടൈൽ, ഇന്റർലോക്ക് എന്നിവ വിരിച്ച് മനോഹരമാക്കും. കൈവരിയും ഒരുക്കും. തണൽമരങ്ങൾക്ക് ചുറ്റും കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങൾ, വഴിയാത്രക്കാർക്കായി നഗരത്തിൽ നിർമിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടത്തോട് ചേർന്ന് പൊതുമരാമത്ത് ഭൂമിയിൽ ഓപൺ സ്റ്റേജ് എന്നിവയും ഒരുക്കും.
കൂടിച്ചേരലുകൾക്കും പൊതുപരിപാടികൾക്കുമാണ് സ്റ്റേജ് ഉപയോഗിക്കുക. സുരക്ഷിതമായ രാത്രിയാത്രക്കും നഗരത്തെ കൂടുതൽ മനോഹരമാക്കാനും 50 ലക്ഷം രൂപ ചെലവിലാണ് പാതയോരത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്.
സൗന്ദര്യവത്കരണം പൂർത്തിയാകുന്നതോടെ വ്യാപാരകേന്ദ്രമായ ശ്രീകണ്ഠപുരത്തിന് ഏറെ മാറ്റമുണ്ടാകുമെന്നും ഒരുവർഷംകൊണ്ട് പ്രവൃത്തി പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്നും സജീവ് ജോസഫ് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.