അധികൃതരേ കാണുന്നില്ലേ... വളക്കൈ - കൊയ്യം - വേളം റോഡ് പ്രവൃത്തി ഇഴയുന്നു
text_fieldsശ്രീകണ്ഠപുരം: വളക്കൈ - കൊയ്യം റോഡിന്റെ നവീകരണം ഇഴഞ്ഞുനീങ്ങുന്നു. കരാറുകാരുടെ തികഞ്ഞ കെടുകാര്യസ്ഥതയും വൈദ്യുതി തൂൺ മാറ്റാൻ വൈകുന്നതുമാണ് പണി മന്ദഗതിയിലാവാൻ കാരണം.
8.5 കോടിയുടെ എസ്റ്റിമേറ്റിൽ വൈദ്യുതി തൂണുകൾ മാറ്റാനായി 14 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ തുക കൊണ്ട് വളക്കൈ മുതൽ വേളം വരെയുള്ള തൂണുകൾ മാറ്റാനാവില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് കെ.എസ്.ഇ.ബി. ആദ്യം തയാറാക്കിയത്.
ഇത് ഇപ്പോൾ 19 ലക്ഷമായി കുറച്ചിട്ടുണ്ട്. ഇതുപ്രകാരം എസ്റ്റിമേറ്റ് പുതുക്കി തരാൻ കരാറുകാരൻ സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതീക്ഷയോടെ കൊട്ടിഘോഷിച്ച് റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തെങ്കിലും ഒരാഴ്ച പിന്നിട്ടതോടെ ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ്. കലുങ്കുകളുടെയും ഓടകളുടെയും നിർമാണമാണ് ഇപ്പോൾ നടക്കുന്നത്.
കലുങ്കുകളുടെ നിർമാണം പകുതിയിലാണ്. അരികു കെട്ടലും പല സ്ഥലത്തുമായി ചിതറിക്കിടക്കുകയാണ്. ഇതെല്ലാം പൂർത്തിയാക്കാൻ എല്ലാ സ്ഥലങ്ങളിലേയും കെ.എസ്.ഇ.ബി ലൈനുകളും തൂണുകളുമാണ് തടസ്സമായി നിൽക്കുന്നത്. അടുത്ത മഴക്കാലത്തിനു മുമ്പ് പണി പൂർത്തിയാക്കുമെന്ന് കരാറുകാരൻ പറയുന്നുണ്ടെങ്കിലും നിലവിലെ നിർമാണ പുരോഗതി വിലയിരുത്തുമ്പോൾ ഇതു സാധ്യമല്ലെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡ് വികസനത്തിനായി രൂപവത്കരിച്ച കമ്മിറ്റിയുടെ യോഗം കഴിഞ്ഞയാഴ്ച പെരുന്തലേരിയിൽ ചേർന്നിരുന്നു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ, ബ്ലോക്ക് പഞ്ചായത്തംഗം കൊയ്യം ജനാർദനൻ, ഇരിക്കൂർ സെക്ഷൻ പി.ഡബ്ല്യു.ഡി എൻജിനീയർ സി. ബിനോയ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. റോഡ് നിർമാണം വേഗത്തിലാക്കുമെന്ന് കരാറുകാരൻ യോഗത്തിൽ ഉറപ്പുനൽകിയെങ്കിലും നാട്ടുകാർ ആശങ്കയിലാണ്.
യാത്രാദുരിതം മൂലം ഏറെക്കാലം പൊറുതിമുട്ടിയ റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ നാട്ടുകാര്‍ കാളവണ്ടിയിറക്കി പ്രതിഷേധിച്ചിരുന്നു. ഇതിനെല്ലാം ഒടുവിൽ ഈ വർഷം മാർച്ചിലാണ് റോഡ് നവീകരണം ആരംഭിച്ചത്. 9.9 കിലോമീറ്റർ ദൂരത്തിലാണ് 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുന്നത്.
വളക്കൈക്കും മദ്റസക്കും ഇടയിൽ മഴക്കാലത്ത് വെള്ളം കയറുന്ന ഭാഗത്ത് 700 മീറ്റർ ദൂരം റോഡ് ഉയർത്തുകയും ചെയ്യുന്നുണ്ട്.10 കലുങ്കുകളാണ് റോഡിൽ നിർമിക്കേണ്ടത്. പണി വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.