തിരികെ വരുന്നു വാനില വസന്തം..
text_fieldsശ്രീകണ്ഠപുരം: കർഷകസ്വപ്നങ്ങളിൽ നിറം പകരാൻ വീണ്ടും വാനില വസന്തം. ഒരു കാലത്ത് കർഷകരെ കടക്കെണിയിൽനിന്ന് കരകയറ്റിയ പാരമ്പര്യം ഈ വിളക്കുണ്ടായിരുന്നു. പിന്നീട് വിലത്തകർച്ചയിൽപ്പെട്ടതോടെ വാനില കൃഷിയെ പിന്നെയാരും നട്ടുനനച്ചില്ല. വർഷങ്ങൾക്കിപ്പുറം വാനിലകൃഷിക്ക് പുതുജീവൻ വന്നിരിക്കുന്നു. പച്ച ബീൻസ് കിലോഗ്രാമിന് നിലവിൽ 1500-2000 രൂപ വരെയാണ് വില. ഉണക്കി നൽകിയാൽ കിലോക്ക് 3000വും അതിലധികവും വില ലഭിക്കും.
അന്താരാഷ്ട്ര മാർക്കറ്റിലടക്കം വൻ ഡിമാന്റുണ്ട്. സാധനം കിട്ടാനുമില്ല. ഈ സാഹചര്യം ഉപയോഗപ്പെടുത്താൻ മലമടക്കുകളിലെ കുടിയേറ്റ മണ്ണിൽ കർഷകർ ഒരുങ്ങിക്കഴിഞ്ഞു. ഒരു മീറ്റർ വാനിലവള്ളിക്ക് 100 രൂപയോളം വിലയുണ്ട്. ഇത് നട്ട് ജൈവവളം പ്രയോഗിച്ച് പരിപാലിക്കണം.
നേരത്തെ ശീമക്കൊന്ന കമ്പുകൾ നട്ട് അതിലേക്കാണ് വാനിലയും കുരുമുളകും വളർത്തിയിരുന്നത്. താങ്ങ് കമ്പ് തന്നെ വളംവലിച്ചെടുക്കുന്നതിനാൽ നിലവിൽ കർഷകർ പനയുടെ അലക് കുഴിച്ചിട്ടാണ് വാനില പടർത്തുന്നത് എന്നത് വേറിട്ട പരീക്ഷണം കൂടിയാണ്.
മറ്റ് വിളകളിൽനിന്ന് വ്യത്യസ്തമായി വാനിലക്ക് ദിനംപ്രതി പരാഗണം നടത്തണമെന്നതാണ് പ്രത്യേകതയെന്ന് ചന്ദനക്കാംപാറയിലെ കർഷകൻ കാളിയാനിയിൽ ജോർജ് പറയുന്നു. പൂവ് തുറന്ന് ചെറിയ കമ്പ് കൊണ്ട് തൊട്ട ശേഷം ആ കമ്പ് മറ്റ് പൂവുകളിലും സ്പർശിച്ചാണ് പരാഗണം നടത്തുന്നത്. ശലഭങ്ങൾ ഇതിലേക്ക് ആകർഷിക്കാത്തതാണ് ഇതിന് കാരണം.
ഒരു വർഷം കൊണ്ടു കായ്ക്കും. ഒരു കുലയിൽ 25 ഓളം ബീൻസ് കായകൾ വിരിയുമെങ്കിലും 15 കായകൾ നിലനിർത്തുന്നതാണ് ചെടിക്ക് ഗുണകരം. 50 വാനില ബീൻസുകൾ ഒരു കി.ഗ്രാം വരെ തൂക്കമുണ്ടാവുമെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. വയനാട് ബത്തേരിയിൽ വാനില വാങ്ങാനും വിൽക്കാനുമുള്ള മാർക്കറ്റുണ്ട്.
വയനാട്ടിൽനിന്ന് ഇവിടെ വന്ന് വില നൽകി കർഷകരിൽനിന്ന് ശേഖരിച്ച് കൊണ്ടുപോകാനും ഏജന്റുമാരുണ്ട്. ജില്ലയിൽ ചെറുപുഴ, കൊട്ടിയൂർ, കേളകം മേഖലയിലും വാനില വാങ്ങുന്ന കടകളുണ്ട്. സ്വിറ്റ്സർലൻഡ്, ആസ്ട്രേലിയ എന്നിവിടങ്ങളിലേക്കാണ് കയറ്റുമതി കൂടുതൽ നടക്കുന്നത്. റബ്ബറും കറുത്ത പൊന്നും അടക്കയുമെല്ലാം പ്രതീക്ഷക്ക് മങ്ങലേൽപിച്ച കർഷകർക്ക് വാനിലയുടെ തിരിച്ചുവരവും ഇനിയുള്ള കശുവണ്ടി സീസണും കൈത്താങ്ങാവുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.