വണ്ണായിക്കടവിന് വേണം റെഗുലേറ്റർ കം ബ്രിഡ്ജ്
text_fieldsശ്രീകണ്ഠപുരം: പയ്യാവൂര് -ഏരുവേശ്ശി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വണ്ണായിക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലുള്ള പാലത്തിൽ ചെറിയ മഴയിൽ പോലും വെള്ളം കയറുന്നതും കൈവരികൾ തകരുന്നതും പതിവാണ്. ഇവിടെ ഉയരം കൂടിയ പുതിയപാലം നിർമിക്കുകയോ അല്ലെങ്കിൽ നേരത്തേ എസ്റ്റിമേറ്റും ഡിസൈനുമടക്കം പൂർത്തിയായ റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുകയോ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയത്തിന് ശേഷം പാലത്തിന്റെ തൂണുകളുടെ കോണ്ക്രീറ്റ് ഇളകിയിട്ടുണ്ട്.
കുടിയേറ്റ മേഖലയുടെ പ്രധാന പാലമാണിത്. രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നപാലം 1982ലാണ് നിർമിച്ചത്. ശക്തമായ മഴയുള്ള സമയങ്ങളിൽ രണ്ടും മൂന്നും ദിവസങ്ങൾ വരെ ഇതുവഴിയുള്ള ഗതാഗതം മുടക്കി പാലം വെള്ളത്തിനടിയിലാകാറുണ്ട്. വണ്ണായിക്കടവ്, പൈസക്കരി, കുന്നത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ചെമ്പേരി, ആലക്കോട്, കുടിയാൻമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. വണ്ണായിക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റും ഡിസൈനും സർവേയും ബോറിങ്ങുമൊക്കെ നടത്തിയെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല.
കൈവരികൾ പതിവായി തകരുന്നു
പാലത്തിന്റെ കൈവരികൾ മലവെള്ളപ്പാച്ചലിൽ തകരുന്നത് തുടരുന്നു. ഈ വർഷത്തെ മഴയിലും പാലത്തിന്റെ പുതിയ കൈവരികൾ നശിച്ചു. ഏറെ നാളായി അപകടാവസ്ഥയിലാണ് പാലം. മഴക്കാലത്ത് പുഴയിലെ ജലവിതാനമുയരുമ്പോൾ വെള്ളത്തിൽ മുങ്ങിപ്പോകുന്ന പാലത്തിന്റെ കൈവരികൾ കുത്തൊഴുക്കിൽ കടപുഴകിയെത്തുന്ന മരങ്ങൾ തട്ടിയാണ് തകരുന്നത്. മുൻ വർഷങ്ങളിൽ തകർന്നപ്പോഴെല്ലാം പുനർനിർമിച്ചിരുന്നെങ്കിലും അടുത്ത മഴക്കാലത്തിനുശേഷം അവ കാണാറില്ലെന്ന അനുഭവമാണുള്ളത്. ഈ വർഷം മേയിൽ ജില്ല പഞ്ചായത്ത് എട്ട് ലക്ഷം രൂപ ചെലവിലാണ് പുതിയ കൈവരികൾ നിർമിച്ചത്. രണ്ട് മാസത്തിനുള്ളിൽ ഇതും തകർന്നു.
പാലത്തിന്റെ ഉയരം കൂട്ടാതെ കൈവരി നിർമിച്ച് പണം കളയരുതെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
എന്നാൽ ഇതൊന്നും വകവെക്കാതെ അധികൃതർ കൈവരികൾ നിർമിക്കുകയായിരുന്നു.കൈവരികൾ നിർമിച്ച് പണം കളയാതെ നേരത്തേ എസ്റ്റിമേറ്റും ഡിസൈനുമൊക്കെ പൂർത്തിയായ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.