കുടിയേറ്റ മക്കൾ ചോദിക്കുന്നു: ഈ പാലം എന്ന് കടക്കാനാവും?
text_fieldsശ്രീകണ്ഠപുരം: കുടിയേറ്റ ഗ്രാമമായ അലക്സ് നഗറിനെയും കാഞ്ഞിലേരിയെയും ബന്ധിപ്പിക്കുന്ന അലക്സ് നഗർ പാലം നിർമാണം അഞ്ചുവർഷമായിട്ടും എങ്ങുമെത്തിയില്ല. ഒന്നര വർഷമായി നിർമാണം പൂർണമായി നിലച്ചിരിക്കുകയാണ്.
സമീപത്തെ അപകടാവസ്ഥയിലുള്ള തൂക്കുപാലത്തിലൂടെ ജീവൻ പണയംവെച്ച് യാത്ര ചെയ്യുമ്പോഴും കോൺക്രീറ്റ് പാലം യാഥാർഥ്യമാവാത്തതിലുള്ള അമർഷത്തിലാണ് ഇരുകരകളിലുമുള്ളവർ.
പാലം നിർമാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ ഏറെ ആക്ഷേപമുയർന്ന സാഹചര്യത്തിൽ കരാറുകാരനെ ഒഴിവാക്കി റീടെൻഡർ നടത്താനുള്ള നടപടി സർക്കാർ തുടങ്ങിയിട്ടുണ്ടെങ്കിലും അതും പൂർത്തിയായിട്ടില്ല.
10.10 കോടി ചെലവിലാണ് പാലം നിർമിക്കുന്നത്. പാലത്തിനും മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള ഐച്ചേരി -അലക്സ് നഗർ റോഡിനും കൂടിയായിരുന്നു തുക അനുവദിച്ചത്. ഡെൽകോൺ എൻജിനീയറിങ് ലിമിറ്റഡിനാണ് നിർമാണച്ചുമതല. നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ച്, കെ.സി. ജോസഫ് എം.എൽ.എയായിരിക്കെ മുൻകൈയെടുത്താണ് ഇവിടെ പാലം അനുവദിച്ചത്. 2017 ഫെബ്രുവരിയിൽ ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന വ്യവസ്ഥയിൽ നിർമാണം തുടങ്ങിയ പാലം അഞ്ചുവർഷമായിട്ടും 40 ശതമാനം പോലും പൂർത്തിയായില്ല.
ലോക്ഡൗൺ നിയന്ത്രണങ്ങളോടെ ജില്ലയിൽ അലക്സ് നഗർ പാലം ഉൾപ്പെടെ ആറ് പാലങ്ങളുടെ പണി നടത്താൻ പി.ഡബ്ല്യു.ഡി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ, ഒരു മാസം മാത്രമാണ് അന്ന് പണി നടന്നത്. പിന്നീട് വീണ്ടും മുടങ്ങി. നിലവിൽ പണി നിലച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു. 109 മീറ്റർ നീളമുള്ള പാലത്തിന് വേണ്ട ആറുതൂണുകളുടെ പകുതി മാത്രമാണ് പൂർത്തിയായത്. നിർമാണം നിലച്ചതോടെ തൂണുകളുടെ കമ്പികളെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്. പല ഭാഗങ്ങളിലും കാടുകയറിയിട്ടുമുണ്ട്. പാലം നിർമാണത്തിനായി മേഴ്സി ഭവന്റെ നിയന്ത്രണത്തിലുള്ള കൃഷിഭവന്റെ ഭൂമിയിലിറക്കിയ ലക്ഷങ്ങൾ വിലവരുന്ന കമ്പിയും മറ്റ് സാമഗ്രികളും മാസങ്ങൾക്കുമുമ്പേ തന്നെ തുരുമ്പിച്ചു നശിച്ചു. അലക്സ് നഗർ പാലം വരുന്നതോടെ കാഞ്ഞിലേരി, മൈക്കിൾഗിരി, ഇരൂഡ് ഭാഗങ്ങളിലുള്ളവർക്ക് ഐച്ചേരി, പയ്യാവൂർ, ശ്രീകണ്ഠപുരം ഭാഗങ്ങളിലെത്താൻ എളുപ്പമാർഗമാകും. നിലവിൽ സമീപത്തുള്ള തൂക്കുപാലമാണ് ഇവിടത്തെ ജനങ്ങളുടെ ഏക യാത്രാമാർഗം.
ഈ തൂക്കുപാലം ഏത് സമയവും നിലംപതിക്കുന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്. വിവിധ സ്കൂളുകൾ, ആശുപത്രി, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലേക്ക് കുട്ടികളും വയോധികരുമെല്ലാം പോകുന്നത് ആടിയുലയുന്ന തൂക്കുപാലത്തിലൂടെയാണ്. ജനകീയ പ്രതിഷേധം ശക്തമായിട്ടും കരാറുകാരനെ മാറ്റി പണി നടത്തിക്കുന്നത് വൈകുകയാണ്. പാലം പണി നിലച്ചതോടെ ഇതോടൊപ്പം പൂർത്തിയാക്കേണ്ട അലക്സ് നഗർ -ചെരിക്കോട് -ഐച്ചേരി റോഡിന്റെ വികസന പ്രവൃത്തികളും ആരംഭിക്കാനായില്ല. നിലവിലെ കരാറുകാരൻ തന്നെ മറ്റൊരു ബിനാമിയെവെച്ച് വീണ്ടും ടെൻഡറെടുക്കാനുള്ള രഹസ്യനീക്കം നടത്തുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്. ശരിയായ രീതിയിൽ പണി നടത്തി വേഗത്തിൽ പാലം യാഥാർഥ്യമാക്കുന്നില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.