62 കോടി മുടക്കി നിർമിച്ച റോഡുണ്ട് ഓടാൻ ബസ് എവിടെ?
text_fieldsശ്രീകണ്ഠപുരം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 62.12 കോടി രൂപ ചെലവിലാണ് കണിയാർവയൽ-കാഞ്ഞിലേരി-ഉളിക്കൽ റോഡ് 12 മീറ്റർ വീതിയിൽ നവീകരിച്ചത്.
എന്നാൽ, 18 കിലോമീറ്ററുള്ള ഈ റോഡിലൂടെ ട്രിപ്പ് നടത്തുന്നത് ഒരേയൊരു ബസ് മാത്രമാണ്. ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷമായെങ്കിലും ഇതുവഴി ബസുകളില്ലാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു.
ഇരിക്കൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് 2018ലാണ് നിർമാണം തുടങ്ങിയത്. പുഴവെള്ളം കയറുന്ന പ്രദേശങ്ങളിൽ രണ്ടര കിലോമീറ്റർ നീളത്തിൽ റോഡ് ഉയർത്തിയും നടപ്പാതയും നാൽപതോളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികളും ഒരുക്കിയാണ് റോഡ് നവീകരിച്ചത്. മലയോര ഹൈവേയെയും തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്.
ഉളിക്കലിൽനിന്ന് ശ്രീകണ്ഠപുരത്തെത്താനുള്ള തിരക്കൊഴിഞ്ഞ പാതയും ഇതാണ്. നിലവിൽ ഉച്ചക്ക് ഉളിക്കലിൽനിന്ന് ശ്രീകണ്ഠപുരത്തേക്ക് ഒരു ബസ് മാത്രമാണ് സർവിസ് നടത്തുന്നത്. ശ്രീകണ്ഠപുരം-പയ്യാവൂർ വഴി കാഞ്ഞിലേരി വരെ ഒരു ബസും ഓടുന്നുണ്ട്.
കാഞ്ഞിലേരി, വയക്കര, ബാലങ്കരി, മൊളൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ള വിദ്യാർഥികളടക്കമുള്ളവർ കണിയാർവയലിൽ വന്നാണ് ബസ് കയറുന്നത്. ഇരുചക്രവാഹനമുള്ളവർ കണിയാർ വയൽ വരെ അതിൽ വരുന്നു. മറ്റുള്ളവർ കാൽനടയായി വന്നു വേണം ബസ് കയറാൻ. കണിയാർ വയലിലെ റോഡരികിൽ ദിവസവും ബസ് കയറാനെത്തിയവരുടെ നിരവധി ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്ത നിലയിൽ കാണാനാകും. വീതിയുള്ള റോഡുണ്ടായിട്ടും ഉളിക്കലിൽനിന്ന് കണിയാർവയലിലേക്ക് ബസ് സർവിസ് മാത്രം നടക്കുന്നില്ല.
ഉളിക്കലിൽനിന്ന് കണിയാർവയൽ മലപ്പട്ടം-മയ്യിൽ വഴി എളുപ്പത്തിൽ കണ്ണൂരിലും എത്താനാകും. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസെങ്കിലും അനുവദിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഉളിക്കലിൽനിന്ന് ജില്ല ആസ്ഥാനമായ കണ്ണൂരിലേക്കും താലൂക്ക് ആസ്ഥാനമായ തളിപ്പറമ്പിലേക്കും കൂടുതൽ ബസ് റൂട്ടുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് കാഞ്ഞിലേരി പൊതുജന വായനശാല നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.