ചന്ദനക്കാംപാറയിൽ വീണ്ടും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
text_fieldsശ്രീകണ്ഠപുരം: ചന്ദനക്കാംപാറയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസം രാത്രിയും പുലർച്ചയുമെത്തിയ പത്തോളം ആനകളാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. ചന്ദനക്കാംപാറ മഠം മുക്കണ്ണി റോഡിലാണ് ആനകൾ എത്തിയത്.
ദേവസ്യ മുല്ലൂർ, മരങ്ങാട്ട് രാജു, മുളക്കൽ ജോസ്, താളപ്പനാനി രാജു, കാളിയാനിയിൽ ജോസ് എന്നിവരുടെ വിളകൾ നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, കൈതച്ചക്ക, വാഴ, ചേമ്പ് തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ആടാംപാറയിലും ചന്ദനക്കാംപാറയിലും ശല്യം രൂക്ഷമായിരുന്നു. ബുധനാഴ്ച ആടാംപാറയിലെ വനാതിര്‍ത്തിയോടുചേര്‍ന്ന തോട്ടില്‍ കാട്ടാനക്കുട്ടിയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. ജനവാസ മേഖലയിൽനിന്ന് തിരികെ പോകുന്നിടെയാണ് കാട്ടാനക്കുട്ടി തോട്ടിൽവീണ് ചെരിഞ്ഞത്.
കൂട്ടത്തോടെ എത്തുന്ന കാട്ടാനകളെ നേരിടാൻ ഒരു മാർഗവുമില്ലാതെ ദുരിതമനുഭവിക്കുകയാണ് കർഷകർ. നേരത്തെ ആടാം പാറയിൽനിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക് ആറ് കിലോമീറ്റർ നീളത്തിൽ സൗരോർജ വേലി നിർമിച്ചിരുന്നെങ്കിലും കാട്ടാന ശല്യം പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നില്ല. ഏറെക്കാലമായി കാഞ്ഞിരക്കൊല്ലി, വഞ്ചിയം, ആടാംപാറ, അരീക്കാമല, ശാന്തിനഗർ, ചന്ദനക്കാംപാറ, ചിറ്റാരി, ഏലപ്പാറ, ചീത്തപ്പാറ, ഒന്നാം പാലം തുടങ്ങിയ മേഖലയിലുള്ളവർ കാട്ടാനശല്യം മൂലം പൊറുതിമുട്ടുകയാണ്.
ആനയെ ഭയന്ന് രാത്രി പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് ഇവർ പറയുന്നു. എല്ലാ മേഖലയിലും സുരക്ഷാവേലികളൊരുക്കി വന്യമൃഗശല്യത്തിന് ഉടൻ ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.