കാട്ടാനകളെ കാടുകയറ്റി ദൗത്യസംഘം മടങ്ങി; പിന്നാലെ വീണ്ടും ആനക്കൂട്ടം
text_fieldsശ്രീകണ്ഠപുരം: പയ്യാവൂർ ചന്ദനക്കാംപാറ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ സൗരോർജ തൂക്കുവേലിക്കപ്പുറം കർണാടക വനത്തിലേക്ക് കാടുകയറ്റി വനം വകുപ്പിന്റെ ടാസ്ക് ഫോഴ്സ് മടങ്ങി. പിന്നാലെ വീണ്ടും കാട്ടാനക്കൂട്ടം. 32 പേരടങ്ങുന്ന സംഘം കഴിഞ്ഞ ശനിയാഴ്ചയാണ് ആനയെ തുരത്താൻ പാടാൻകവല ഫോറസ്റ്റ് സെക്ഷൻ ഓഫിസിലെത്തിയത്. പിന്നീട് നാല് ടീമുകളായി തിരിഞ്ഞാണ് വനമേഖലയിൽ പരിശോധന തുടങ്ങിയത്.
ആദ്യദിനം ഒരു കൊമ്പനേയും ഒരു കുട്ടിയാനയേയും പടക്കം പൊട്ടിച്ച് ഓടിച്ച് വേലിക്കപ്പുറം എത്തിച്ചു. പിന്നീട് കനത്തമഴ കാരണം ദൗത്യം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ വീണ്ടും എത്തിയാണ് ദൗത്യം തുടർന്നത്. പത്തോളം ആനകളെ തൂക്കുവേലിക്കപ്പുറത്ത് എത്തിച്ചെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചതിൽ പ്രതിഷേധം ഉയർന്നിരുന്നു.
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ വിഷയം വനം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തികിന്റെ മേൽനോട്ടത്തിൽ കാട്ടാനകളെ കാട്ടിലേക്ക് തുരത്തുവാൻ ടാസ്ക് ഫോഴ്സ് പയ്യാവൂരിലെത്തിയത്. കൊട്ടിയൂർ, ആറളം, തളിപ്പറമ്പ് റേഞ്ചുകളിൽ നിന്നെത്തിയ സംഘം തളിപ്പറമ്പ് റേഞ്ച് ഓഫിസർ പി. രതീശന്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്.
കാട്ടാനകളെ വേലിക്കപ്പുറത്തേക്ക് തിരിച്ചയക്കാൻ ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുമ്പോഴും ചന്ദനക്കാംപാറ മൂന്നാംപാലത്ത് വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. തിങ്കളാഴ്ച പുലർച്ചയും ചൊവ്വാഴ്ചയും ആനക്കൂട്ടം ഇറങ്ങിയതായി കർഷകർ പറയുന്നു. കൊല്ലിച്ചിറ ജോയി, ചിറമാട്ടേൽ ജോയി, കാരാംകുന്നേൽ ബിജു, ആലപ്പാട്ട് റോയി, ഉദിനാപ്പറമ്പിൽ ഏബ്രഹാം, ചെറുവള്ളാത്ത് അവറാച്ചൻ എന്നിവരുടെ കൃഷിയിടത്തിലാണ് ആനയിറങ്ങിയത്.
നിലവിൽ ആനപ്പാറ മുതൽ മതിലേരിത്തട്ട് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തിൽ ഒരു ആനകളും ഇല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ദൗത്യം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ്് സാജു സേവ്യർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.