ഇനിയെങ്കിലും വരുമോ? ശ്രീകണ്ഠപുരം മുൻസിഫ് മജിസ്ട്രേറ്റ് കോടതി
text_fieldsശ്രീകണ്ഠപുരം: തളിപ്പറമ്പ് കോടതിയുടെ പരിധിയിൽനിന്ന് ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനെ മാറ്റിയതോടെ ശ്രീകണ്ഠപുരത്ത് മുൻസിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. വർഷങ്ങളായി ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അധികാര പരിധിയിലാണ് പ്രവർത്തിച്ചുവരുന്നത്. ശ്രീകണ്ഠപുരത്തുനിന്ന് തളിപ്പറമ്പ് കോടതിയിൽ എത്തിച്ചേരാൻ 20 കി.മീറ്റർ ദൂരം മാത്രമേയുള്ളൂ.
പുതിയ തീരുമാന പ്രകാരം ആളുകൾക്ക് 40 കി.മീറ്റർ സഞ്ചരിച്ച് വേണം കണ്ണൂർ കോടതിയിൽ എത്താൻ. കഴിഞ്ഞ നവംബറിലാണ് ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിലേക്ക് മാറ്റിയുള്ള ഹൈകോടതി ഉത്തരവ് വന്നത്.
ഇതുപ്രകാരം ശ്രീകണ്ഠപുരം, കണ്ണപുരം, മയ്യിൽ സ്റ്റേഷനുകൾ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലേക്കും കണ്ണൂർ ടൗൺ, കണ്ണൂർ ട്രാഫിക് സ്റ്റേഷനുകൾ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലേക്കും കണ്ണൂർ സിറ്റി, വളപട്ടണം, കണ്ണൂർ റെയിൽവേ, ഇരിക്കൂർ സ്റ്റേഷനുകൾ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലേക്കുമാണ് മാറ്റിയത്.
തളിപ്പറമ്പ് കോടതിയുടെ പരിധിയിൽ തളിപ്പറമ്പ്, ആലക്കോട്, കുടിയാൻമല, പയ്യാവൂർ സ്റ്റേഷനുകളാണ് ഉള്ളത്. നടപടി പുനഃപരിശോധിക്കണമെന്നവശ്യപ്പെട്ട് സജീവ് ജോസഫ് എം.എൽ.എ ജില്ലയുടെ ചുമതലയുള്ള ഹൈകോടതി ജഡ്ജി വി.ജി. അരുണിനെ കണ്ട് കത്ത് നൽകിയിരുന്നു. ശ്രീകണ്ഠപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ഇ.വി. രാമകൃഷ്ണനും ആവശ്യമുന്നയിച്ച് നിവേദനം നൽകിയിരുന്നു.
സി.പി.എം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി ഹൈകോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും പ്രമേയമടങ്ങിയ നിവേദനവും കൈമാറി. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പഴയ പടിയാക്കി ഉത്തരവിറക്കിയിട്ടില്ല. ശ്രീകണ്ഠപുരത്ത് ഒരു മുൻസിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ച് ശ്രീകണ്ഠപുരം, പയ്യാവൂർ, ഇരിക്കൂർ, ഉളിക്കൽ, കുടിയാന്മല, ആലക്കോട് പൊലീസ് സ്റ്റേഷനുകളെ ഈ കോടതിയുടെ പരിധിയിൽ കൊണ്ടുവന്നാൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. അതിന് സർക്കാറാണ് താൽപര്യമെടുക്കേണ്ടത്.
1981ൽ അനുവദിച്ച കോടതിയെവിടെ?
ശ്രീകണ്ഠപുരത്ത് 1981ൽ മുൻസിഫ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചിരുന്നു. മുൻഗണനക്രമം അനുസരിച്ച് കോടതി ആരംഭിക്കാമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. ഇതുപ്രകാരം 1981ൽ പട്ടികയിൽ 21ാം സ്ഥാനത്തായിരുന്നു ശ്രീകണ്ഠപുരം.
എന്നാൽ, 42 വർഷമായിട്ടും ഇപ്പോഴും 13ാം സ്ഥാനത്തുനിന്ന് താഴേക്ക് നീങ്ങിയിട്ടില്ല. മുൻഗണന പട്ടിക മറികടന്ന് ദേവികുളത്തും കരുനാഗപ്പള്ളിയിലും കോടതികൾ ആരംഭിച്ചിട്ടും ശ്രീകണ്ഠപുരം തഴയപ്പെടുകയായിരുന്നു. നഗരസഭയായതോടെ ശ്രീകണ്ഠപുരത്ത് അനുവദിക്കപ്പെട്ട ഗ്രാമീണ കോടതി ഇരിക്കൂർ പഞ്ചായത്തിലെ പെരുവളത്തുപറമ്പിലും സ്ഥാപിച്ചു.
മലയോര പ്രദേശങ്ങൾ കോർത്തിണക്കി രൂപവത്കരിച്ച കണ്ണൂർ റൂറൽ ജില്ല പൊലീസ് ആസ്ഥാനം റൂറൽ ജില്ലയുടെ മധ്യഭാഗം വരുന്ന ശ്രീകണ്ഠപുരത്താക്കണമെന്ന ആവശ്യവും ഉയരുന്നുന്നുണ്ട്. ഇരിട്ടി മേഖല മുതൽ തളിപ്പറമ്പ്, പയ്യന്നൂർ, ചെറുപുഴ, പെരിങ്ങോം, ആലക്കോട് പ്രദേശങ്ങളുടെയെല്ലാം കേന്ദ്രമായി ശ്രീകണ്ഠപുരത്ത് റൂറൽ ജില്ല പൊലീസ് ആസ്ഥാനം സ്ഥാപിക്കാവുന്നതാണ്.
ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനോട് ചേർന്ന് ഏക്കറുകണക്കിന് സ്വന്തം ഭൂമിയുമുണ്ട്. എന്നിട്ടും അധികൃതർ ഇത് ഗൗനിച്ചിട്ടില്ല. മുൻസിഫ് മജിസ്ട്രേറ്റ് കോടതി കൂടി ശ്രീകണ്ഠപുരത്ത് സ്ഥാപിച്ചാൽ ജനങ്ങൾക്ക് കണ്ണൂർവരെ സഞ്ചരിക്കാതെ തന്നെ കോടതി ആവശ്യങ്ങൾ നിറവേറ്റാനാകും. അഭിഭാഷകരും രാഷ്ട്രീയ സംഘടനകളുമെല്ലാം ആവശ്യമറിയിച്ച് സർക്കാരിനെ സമീപിച്ച സാഹചര്യത്തിൽ പ്രതീക്ഷയേറെയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.