വരുമോ മടമ്പം പദ്ധതിയുടെ രണ്ടാം ഘട്ടം...?
text_fieldsശ്രീകണ്ഠപുരം: മടമ്പം റെഗുലേറ്റർ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട രണ്ടാംഘട്ടം നടപ്പാക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും യാഥാർഥ്യമായില്ല. മലയോര മേഖലയിലെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. കാർഷിക മേഖലയിലേക്കുള്ള ജലസേചനനവും ശുദ്ധജല വിതരണവും ലക്ഷ്യമാക്കിയാണ് മടമ്പം പദ്ധതി തുടങ്ങിയത്.
2004-ൽ നിർമാണം തുടങ്ങിയ പദ്ധതി 2012ൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു. എല്ലാ വർഷവും വേനൽകാലത്ത് ഷട്ടർ ഇട്ട് വെള്ളം സംഭരിക്കാറുണ്ടെങ്കിലും വെള്ളം പമ്പ് ചെയ്യാനോ ടാങ്കിൽ സംഭരിച്ച് വിതരണം ചെയ്യാനോയുള്ള പദ്ധതികൾ തുടങ്ങിയിട്ടില്ല. ശുദ്ധജല വിതരണത്തിനായി നാല് സ്ഥലങ്ങളിൽ ടാങ്കുകൾ നിർമിക്കാനും പൈപ്പുവഴി വെള്ളം എത്തിച്ച് വിതരണം ചെയ്യാനുമായിരുന്നു രണ്ടാം ഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. സ്ഥലവും ഏറ്റെടുത്തു. ഇതിനാവശ്യമായ എല്ലാ സൗകരയങ്ങളും മടമ്പം വികസന സമിതിയുടെ നേതൃത്വത്തിൽ ഒരുക്കി നൽകിയിരുന്നു.
എന്നാൽ പദ്ധതി യാഥാർഥ്യമായില്ല. ഇതിനോടുചേർന്ന് മൂന്നാംഘട്ടമെന്ന നിലയിൽ മടമ്പം മേഖലയുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്ന പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു. വർഷത്തിൽ ആറുമാസവും വെള്ളം നിറഞ്ഞ് നിൽക്കുന്ന ഇവിടെ ഉല്ലാസ ബോട്ടുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കാനായിരുന്നു പദ്ധതി. ആദ്യഘട്ടം ഉദ്ഘാടനം കഴിഞ്ഞ് 12 വർഷം കഴിഞ്ഞിട്ടും രണ്ടും മൂന്നും ഘട്ട പ്രവർത്തനങ്ങളുടെ പ്രാരംഭനടപടികൾ പോലും തുടങ്ങിയിട്ടില്ല.
ശുദ്ധജല വിതരണത്തിന് പദ്ധതികളില്ല
മടമ്പം റെഗുലേറ്ററിൽ വെള്ളംനിറഞ്ഞു കിടക്കുന്നുണ്ടെങ്കിലും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഷട്ടറിട്ടാൽ പയ്യാവൂർ പാറക്കടവ് പുഴയിൽ വരെ വെള്ളം ഉയരും.എന്നാൽ ഒരിടത്തും ജലസേചനത്തിന് സൗകര്യമില്ല. നേരത്ത ഇവിടെ നിന്ന് വെള്ളം പമ്പ് ചെയ്ത് ചേപ്പറമ്പ് പാറയിൽ സ്ഥാപിക്കുന്ന ടാങ്കിൽ എത്തിച്ച് ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽ വിതരണം ചെയ്യാനായി നിടിയേങ്ങ ശുദ്ധജല പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുനെങ്കിലും നടന്നില്ല. ഈ പദ്ധതി യാഥാർഥ്യമായിരുനെങ്കിൽ ശ്രീകണ്ഠപുരം നഗരസഭയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമായിരുന്നു.
വേനൽ കടുത്തതോടെ ഈ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഇരിക്കൂർ പെരുവളത്തുപറമ്പിലെ ടാങ്കിൽ നിന്നും നഗരസഭയുടെ നേതൃത്വത്തിൽ ലോറിയിൽ എത്തിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്. കൃത്യമായ ആസൂത്രണത്തോടെ രണ്ടാംഘട്ടമെന്ന നിലയിലുളള ജലസേചന പ്രവർത്തനങ്ങളും മൂന്നാംഘട്ടമെന്ന നിലയിലുള്ള ടൂറിസം വികസന പ്രവർത്തനങ്ങളും നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.