ഉത്തരവ് നടപ്പാക്കാത്ത അസി. സെക്രട്ടറിയുടെ ശമ്പളം തടയുമെന്ന് ഓംബുഡ്സ്മാൻ
text_fieldsശ്രീകണ്ഠപുരം: ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ പഞ്ചായത്ത് അസി. സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവെക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്റെ ഉത്തരവ്. മലപ്പട്ടം പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതലയുള്ള അസി. സെക്രട്ടറി അരവിന്ദനാണ് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ മുന്നറിയിപ്പ് നൽകിയത്.
മലപ്പട്ടം പഞ്ചായത്തിലെ അടിച്ചേരിയിൽ (12ാം വാർഡ്) തോട് നികത്തി അരയിച്ചാൽ റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഓംബുഡ്സ്മാൻ ഇടപെടൽ വീണ്ടുമുണ്ടായത്. തോട് നികത്തി റോഡ് നിർമിച്ചതിനെതിരെ മലപ്പട്ടത്തെ പൊതുപ്രവർത്തകൻ കെ.ഒ.വി. നാരായണൻ പരാതി നൽകിയിരുന്നു.
അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ തോട് പൂർവസ്ഥിതിയിലാക്കാൻ ഓംബുഡ്സ്മാൻ നേരത്തെ ഉത്തരവിട്ടിരുന്നു. പിന്നാലെ മലപ്പട്ടം പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് ഈ ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെടുകയും ഹൈകോടതിയിൽ ഹരജി നൽകുകയും ചെയ്തു. ഇക്കാര്യം അസി. സെക്രട്ടറി ഓംബുഡ്സ്മാനെ അറിയിക്കുകയും ചെയ്തു.
എന്നാൽ, മേൽ ഉത്തരവിനെതിരെ അപ്പീലിന് വ്യവസ്ഥയില്ലെന്ന കാര്യം ഓംബുഡ്സ്മാൻ വ്യക്തമാക്കി. കഴിഞ്ഞ മേയ് 17ന്റെ ഉത്തരവ് നടപ്പാക്കാതെ ഗുരുതര വീഴ്ച വരുത്തിയ അസി. സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവെക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും 2023 ജനുവരി 23നുമുമ്പ് ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് നൽകണമെന്നുമാണ് ഓംബുഡ്സ്മാന്റെ പുതിയ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.