വരുന്നു... ശ്രീകണ്ഠപുരത്തും ചെങ്ങളായിലും വനിത ജിംനേഷ്യം
text_fieldsശ്രീകണ്ഠപുരം: വനിതകളെ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരാക്കാനുള്ള പദ്ധതിയുമായി ശ്രീകണ്ഠപുരം നഗരസഭയും ചെങ്ങളായി പഞ്ചായത്തും. പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യംകൂടി മെച്ചപ്പെടുത്തുന്നതിനുള്ള വഴിയൊരുക്കുകയാണ് പുതുതായി ഒരുക്കുന്ന മെന്റല്‍ ആന്‍ഡ് ഫിസിക്കല്‍ വെല്‍നെസ്സ് സെന്ററിലൂടെ.
ശ്രീകണ്ഠപുരത്ത് നഗരസഭയുടെ 2023-24 പദ്ധതിയിൽപ്പെടുത്തി 14 ലക്ഷം രൂപ ചെലവിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ജിംനേഷ്യം ഒരുക്കുന്നത്. ഇതിൽ ഒമ്പത് ലക്ഷം രൂപ കെട്ടിടം നിർമിക്കാനും അഞ്ച് ലക്ഷം രൂപ ഉപകരണങ്ങൾ വാങ്ങാനുമാണ് ഉപയോഗിക്കുന്നത്. ബസ് സ്റ്റാൻഡിലെ ഷോപ്പിങ് കോംപ്ലക്സിന്റെ മുകളിലത്തെ നിലയിൽ കെ. നാരായണൻ സ്മാരക ഹാളിന്റെ സമീപത്താണ് ജിംനേഷ്യം ഒരുക്കിയത്. ഇവിടെ കെട്ടിടം നിർമാണം പുരോഗമിക്കുകയാണ്. പദ്ധതി പൂർത്തിയായാൽ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാനസിക-ശാരീരിക ആരോഗ്യം ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജിമ്മില്‍ പരിശീലകരുടെ സേവനവുമുണ്ടാകും. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന പറഞ്ഞു.
ചെങ്ങളായി പഞ്ചായത്ത് 15.1 ലക്ഷം രൂപ വകയിരുത്തിയാണ് ജിംനേഷ്യം നിർമിക്കുന്നത്. തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയില്‍ വളക്കൈയിൽ പഞ്ചായത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇതിനായി സൗകര്യമൊരുക്കിയത്. വിവിധ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനായി 10 ലക്ഷം രൂപയുടെ വിതരണ കരാറും കൊടുത്തു. ഇവ വരും ദിവസങ്ങളില്‍ സ്ഥാപിക്കും. വസ്ത്രം മാറുന്നതിനുള്ള മുറി, അലങ്കാര പണികള്‍ തുടങ്ങിയവ ഒരുക്കുന്നതിന് 5.1 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ജിമ്മില്‍ യോഗ, സുംബ ഡാന്‍സ് എന്നിവക്കുള്ള സൗകര്യവുമുണ്ടാകും. പഞ്ചായത്ത് നേരത്തെ തന്നെ ഒരു യോഗ ക്ലബ് രൂപവത്കരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനം ജിം തുറക്കുന്നതോടെ അവിടേക്ക് മാറ്റാനും ധാരണയായിട്ടുണ്ട്. പ്രവര്‍ത്തന സമയം, ഫീസ് തുടങ്ങിയ കാര്യങ്ങള്‍ പഞ്ചായത്തും സി.ഡി.എസും ചേര്‍ന്ന് ജിം നടത്തിപ്പിനായി നിയോഗിക്കുന്ന കമ്മിറ്റിയാണ് തീരുമാനിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.പി. മോഹനൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.