ലഹരിയിൽ മയങ്ങി നാട്; വിൽപനയും ഉപയോഗവും കൂടി
text_fieldsശ്രീകണ്ഠപുരം: ജില്ലയിൽ മയക്കുമരുന്ന് - പുകയില ഉൽപന്ന വ്യാപാരവും ഉപയോഗവും വൻതോതിൽ വർധിച്ചതായി കണക്ക്. എക്സൈസും പൊലീസും നടപടികൾ തുടരുമ്പോഴും മയക്കുമരുന്നുകളുടെയും പുകയില ഉൽപന്നങ്ങളുടെയും ഉപയോഗത്തിൽ കുറവുണ്ടായിട്ടില്ല. മാരക മയക്കുമരുന്നുകളുമായി നിരവധി യുവാക്കളെയും വിദ്യാർഥികളെയുമാണ് അധികൃതർ ഇതിനോടകം പിടികൂടിയത്. വിവിധ പുകയില ഉൽപന്നങ്ങൾ വൻ വിലയിൽ പലചരക്കുകടകളിലും ഹോട്ടലുകളിലും വരെ തകൃതിയായി വില്ക്കുന്നുണ്ട്. 2021 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ ജില്ലയിൽ 2177 കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 383 മയക്കുമരുന്നു കേസുകളും 1794 അബ്കാരി കേസുകളുമായിരുന്നു.
കഞ്ചാവ് -291.89 കി.ഗ്രാം, കഞ്ചാവ് ചെടി - 87 എണ്ണം, ഹഷീഷ് ഓയിൽ - 459.37 ഗ്രാം, എൽ.എസ്.സി സ്റ്റാംപ് - 697 മില്ലിഗ്രാം, എം.ഡി.എം.എ - 162.27 ഗ്രാം, ആംഫെറ്റമിൻ - 138.09 ഗ്രാം, ട്രമഡോൾ- 137.02 ഗ്രാം, മറ്റ് വിവിധയിനം ഗുളികകൾ - 3.05 ഗ്രാം എന്നിങ്ങനെയാണ് കഴിഞ്ഞ വർഷം പിടികൂടിയ ലഹരിമരുന്നുകളുടെ കണക്ക്.
ഇതിൽ 29 കേസുകൾ എം.ഡി.എം.എ പിടികൂടിയതു മാത്രമാണ്. അബ്കാരി കേസിൽ ചാരായം - 1216.05 ലിറ്റർ, കേരള നിർമിത വിദേശമദ്യം -4861.05 ലിറ്റർ, മാഹി മദ്യം - 5131.03 ലിറ്റർ, ബിയർ - 177.45 ലിറ്റർ, വാഷ് - 82027 ലിറ്റർ, കള്ള് - 376.08 ലിറ്റർ എന്നിങ്ങനെയും പിടികൂടിയിരുന്നു.
മയക്കുമരുന്നും മദ്യവും കടത്തിയതിന് 112 വാഹനങ്ങളാണ് കഴിഞ്ഞ വർഷം കസ്റ്റഡിയിലെടുത്തത്. വില കൂടിയ കാറുകളും ബൈക്കുകളും ഇതിൽ ഉൾപ്പെടും.
2022 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലു മാസങ്ങളിൽ മാത്രം പിടികൂടിയ പുകയിലകളുടെയും മയക്കുമരുന്നുകളുടെയും കണക്കുകളും ഞെട്ടിക്കുന്നതാണ്. ജനുവരിയിൽ 731 പുകയില കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 287.190 കിലോഗ്രാം പാൻ ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. 1,46,200 രൂപയാണ് പിഴയീടാക്കിയിട്ടുള്ളത്. 143 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തതിൽ 100 പേർ അറസ്റ്റിലായി. ചാരായം 21 ലിറ്റർ, വിദേശമദ്യം -415.220 ലിറ്റർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യം - 171. 270 ലിറ്റർ, ബിയർ - 4.55 ലിറ്റർ, വാഷ് - 4310 ലിറ്റർ എന്നിവയും ഇതിന്റെ ഭാഗമായ ആറു വണ്ടികളും പിടികൂടി. വിവിധയിനം മയക്കുമരുന്നുകളുമായി 40 കേസുകൾ രജിസ്റ്റർ ചെയ്ത് 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഞ്ചാവ് -26.130 കി.ഗ്രാം, ഹാഷിഷ് ഓയിൽ - 957.0 ഗ്രാം, ചരസ് -36 ഗ്രാം, എം.ഡി.എം.എ - 085 ഗ്രാം, മറ്റ് ഗുളികകൾ - 28.892 ഗ്രാം എന്നിവയാണ് ജനുവരിയിൽ പിടികൂടിയത്.
ഫെബ്രുവരിയിൽ 702 പുകയില കേസുകൾ ചുമത്തിയതിൽ 133.410 കി.ഗ്രാം ഉൽപന്നങ്ങൾ പിടികൂടുകയും ഇതിൽ 1,40,400 രൂപ പിഴയീടാക്കുകയും ചെയ്തു. പുകയില ഉൽപന്നങ്ങൾ കടത്തിയ ഒരു വണ്ടിയും പിടിച്ചെടുത്തു.
140 അബ്കാരി കേസുകളിൽ 98 പേർ അറസ്റ്റിലായി. ചാരായം - 87 ലിറ്റർ, വിദേശമദ്യം -361.800 ലിറ്റർ, അന്യസംസ്ഥാന മദ്യം - 196.570 ലിറ്റർ, ബിയർ - 12.400 ലി, വാഷ് -3255 ലിറ്റർ, ഇവ കടത്തിയ ഒമ്പത് വണ്ടികൾ എന്നിവ പിടികൂടി.
ലഹരിമരുന്നുകളുമായി ബന്ധപ്പെട്ട് 30 കേസുകൾ ചുമത്തിയതിൽ 32 പേർ അറസ്റ്റിലായി. കഞ്ചാവ് - 5.796 ഗ്രാം, ഹെറോയിൻ - ഏഴ് ഗ്രാം, എം.ഡി.എം.എ - 40.47 ഗ്രാം, മറ്റ് ഗുളികകൾ 177 ഗ്രാം എന്നിവയും 10 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മാർച്ചിൽ 821 പുകയില കേസുകളാണ് എടുത്തത്. 163.628 കി.ഗ്രാം പുകയില ഉത്പന്നങ്ങൾ പിടികൂടുകയും 1,64,200 രൂപ പിഴയീടാക്കുകയും ചെയ്തു. 144 അബ്കാരി കേസുകളിൽ 113 പേർ അറസ്റ്റിലായി. ചാരായം - 48 ലിറ്റർ, വിദേശമദ്യം - 417.600 ലിറ്റർ, മറ്റ് സംസ്ഥാന മദ്യം - 259.640 ലിറ്റർ, വാഷ് - 3755 ലി, ഇവ കടത്തിയ 10 വണ്ടികൾ എന്നിവ പിടിച്ചെടുത്തു. 34 മയക്കുമരുന്ന് കേസുകളിൽ 33 പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് - 2.88 കി. ഗ്രാം, ഹഷീഷ് - 36. ഗ്രാം, എൽ.എസ്.ഡി - 0.0335 ഗ്രാം, എം.ഡി.എം.എ - 0.070 ഗ്രാം, മെത്താഫിറ്റമിൻ - 16:338 ഗ്രാം, ബ്രൗൺഷുഗർ - 75 മി.ഗ്രാം എന്നിവയും ആറ് വണ്ടികളും പിടികൂടി.
ഏപ്രിൽ മാസം 694 പുകയില കേസുകളാണ് രജിസ്റ്റർ ചെയ്തത്. 401.225 കിലോ പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.1,38,800 രൂപ പിഴയീടാക്കി.137 അബ്കാരി കേസുകളിൽ 99 പേരാണ് പിടിയിലായത്. ചാരായം - 40 ലിറ്റർ, വിദേശമദ്യം -453.950 ലിറ്റർ, മറ്റ് സംസ്ഥാന മദ്യം- 283.665 ലി., ബിയർ - 30. 200 ലി., വാഷ് - 2085ലി. എന്നിവയും ഇതുമായി ബന്ധപ്പെട്ട ഏഴ് വണ്ടികളും പിടികൂടിയിട്ടുണ്ട്. 29 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തതിൽ 26 പേരാണ് അറസ്റ്റിലായത്. കഞ്ചാവ് -1.654 കി.ഗ്രാം, കഞ്ചാവ് ചെടി - രണ്ട്, ഹാഷിഷ് - 12.03 ഗ്രാം ,എം.ഡി.എം.എ - 300 ഗ്രാം, മെത്താഫിറ്റമിൻ - 260 മി.ഗ്രാം എന്നിവയും പിടികൂടിയിട്ടുണ്ട്. മേയ് മാസവും പുകയില - മയക്കുമരുന്നു കേസുകളിൽ കുറവുണ്ടായിട്ടില്ല.
അതിമാരകങ്ങളായ മയക്കുമരുന്നുകളും പുകയില ഉൽപന്നങ്ങളും വിദ്യാർഥികളെയും ചെറുപ്പക്കാരെയും ലക്ഷ്യമിട്ട് ജില്ലയിലേക്കെത്തുന്നത് വർധിച്ചുവെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം കേസുകൾ വർധിക്കുന്നതിനാൽ സ്കൂളുകളും മറ്റും തുറക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കളും മറ്റും കൂടുതൽ ജാഗ്രത പാലിക്കണമെന്നും, മയക്കുമരുന്ന് പുകയില വിൽപന സംഘത്തെ ഇല്ലാതാക്കാൻ കർശന നടപടി തുടരുമെന്നും കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എസ്. ഷാജി മാധ്യമത്തോട് പറഞ്ഞു. ചെറിയ തുക പിഴയടച്ചാൽ ജാമ്യം ലഭിക്കുമെന്നതിനാലാണ് ഇത്തരം വില്പന സംഘങ്ങൾ പിടിയിലായാലും വീണ്ടും വില്പന തുടരുന്നത്. പുകയില കേസുകളിൽ 118 ( ഐ) വകുപ്പാണ് ചുമത്തുന്നത്. 200 രൂപ മുതൽ പരമാവധി 5000 ൽ താഴെ വരെ പിഴയടച്ചാൽ മതിയെന്നതിനാലാണ് വില്പനക്കാർ വീണ്ടും രംഗത്തിറങ്ങുന്നത്. ലഹരി -പുകയില വിരുദ്ധ ബോധവത്കരണങ്ങൾപോലും വ്യാപകമായിട്ടും ഉപയോഗവും വില്പനയും കുറയാത്തത് ഏറെ ആശങ്കയാണുളവാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.