ദേശീയകായികദിനം ഇന്ന്; പിറവികൊണ്ട താരങ്ങൾ ഏറെ; മങ്ങലേറ്റ് കളിക്കളങ്ങൾ
text_fieldsശ്രീകണ്ഠപുരം: ദേശീയതലത്തിൽ അടക്കം ഒട്ടേറെ കായിക താരങ്ങളെ സമ്മാനിച്ച ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള കളിക്കളങ്ങൾപോലും സംരക്ഷിക്കുന്നില്ല. ചെങ്ങളായി, പയ്യാവൂർ, ഏരുവേശി, നടുവിൽ, മലപ്പട്ടം, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലും ശ്രീകണ്ഠപുരം നഗരസഭയിലും നാമമാത്ര കളിസ്ഥലങ്ങളുണ്ടെങ്കിലും അവയൊന്നും സംരക്ഷിക്കുന്നില്ല.
കായിക സ്വപ്നങ്ങൾക്ക് പിന്തുണയേകാൻ കളിസ്ഥലങ്ങൾ വികസിപ്പിക്കേണ്ടവർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തതിനാൽ മലയോരങ്ങളിൽ കായികപ്രേമികളും താരങ്ങളും നിരാശയിലാണ്. സ്റ്റേഡിയങ്ങളുടെ നവീകരണം നടക്കാത്തത് പുതിയ തലമുറയിൽ താരോദയത്തിന് തടസ്സമാകുന്നു. ഒരു കാലത്ത് ജില്ലയിലെ ഫുട്ബാൾ പ്രതാപത്തിെൻറ തലയെടുപ്പും ആരവങ്ങളുമുയർന്നിരുന്ന ചെങ്ങളായിലെ പഞ്ചായത്ത് സ്റ്റേഡിയവും ഇന്ന് അനാഥാവസ്ഥയിലാണ്. നവീകരണ പ്രവൃത്തി നടത്തുമെന്ന് പലതവണ പ്രഖ്യാപിച്ചെങ്കിലും ഒന്നുമുണ്ടായില്ല. പയ്യാവൂരിലും ഏരുവേശിയിലും മലപ്പട്ടത്തും നടുവിലും ആലക്കോടുമെല്ലാം കളിക്കളങ്ങൾ നാമമാത്രമാണ്.
കുടിയാൻമലയിലെയും ചന്ദനക്കാംപാറയിലെയും മണ്ണിൽ നിന്നുയർന്ന താരങ്ങൾ ജില്ല വിട്ട് പോയതോടെയാണ് ദേശീയ താരങ്ങളായത്. ഇരിക്കൂർ മണ്ഡലത്തിൽ മികച്ച സർക്കാർ സ്റ്റേഡിയമില്ല. സംസ്ഥാന, ദേശീയ മത്സരങ്ങളിൽ എന്നും കണ്ണൂരിെൻറ പേരുയർത്തുന്ന കായിക താരങ്ങൾ മലമടക്കുഗ്രാമങ്ങളിൽ പിറവി കൊണ്ടവരാണ്. ഇതുകണക്കിലെടുത്ത് ശ്രീകണ്ഠപുരത്ത് സർക്കാർ വക മികച്ച കളിക്കളവും നീന്തൽകുളവും ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഒപ്പം തദ്ദേശ സ്ഥാപനങ്ങളിലെ കളിക്കളങ്ങളുടെ മുഖംമിനുക്കലും അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.