യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അവസാനിച്ചു; ഫലംകാത്ത് പ്രവർത്തകർ
text_fieldsശ്രീകണ്ഠപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി. മണ്ഡലം കമ്മിറ്റി മുതൽ സംസ്ഥാന തലം വരെയുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് പൂർത്തിയായത്. ജൂൺ 28നാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. അംഗത്വമെടുത്ത് വോട്ട് രേഖപ്പെടുത്താൻ പറ്റുന്ന തരത്തിലുള്ള ഓൺലൈൻ തെരഞ്ഞെടുപ്പ് കാമ്പയിൻ ആയിരുന്നു ഇത്തവണത്തേത്.
കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് വാങ്ങിയ ഉത്തരവിനെ തുടർന്നും ഇടക്കാലത്ത് നിർത്തിവച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പ് നീണ്ടു പോയത്.
സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം അംഗങ്ങൾ പങ്കാളികളായെന്നാണ് അന്തിമ കണക്കുകൾ പറയുന്നത്. 50 രൂപയാണ് അംഗത്വ ഫീസായി സ്വീകരിച്ചത്. ഭാരിച്ച സാമ്പത്തിക ബാധ്യതയിലും വാശിയേറിയ തെരഞ്ഞെടുപ്പാണ് സംസ്ഥാന യൂത്ത് കോൺഗ്രസിൽ നടന്നത്.
സംസ്ഥാനത്ത് രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും തമ്മിലാണ് മത്സരം. എന്നാൽ, കണ്ണൂരിൽ എ ഗ്രൂപ്പും സുധാകരൻ ഗ്രൂപ്പും മൂന്നാം ഗ്രൂപ്പും തമ്മിലുള്ള കടുത്ത ത്രികോണ മത്സരമാണ് നടന്നത്. ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് സുധാകര വിഭാഗത്തിൽ നിന്നും ഫർസിൻ മജീദും എ ഗ്രൂപ്പിൽ നിന്ന് വിജിൽ മോഹനനും മൂന്നാം ഗ്രൂപ്പിൽനിന്ന് അശ്വിൻ മധുക്കോത്തുമാണ് മത്സരിച്ചത്.
സുധാകര വിഭാഗത്തിനു വേണ്ടി ഡി.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ, റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ് എന്നിവരും എ ഗ്രൂപ്പിന് വേണ്ടി മുഹമ്മദ് ബ്ലാത്തൂരും, മൂന്നാം ഗ്രൂപ്പിനു വേണ്ടി സജീവ് ജോസഫ് എം.എൽ.എയുമാണ് മെംബർഷിപ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചത്. അടുത്ത മാസം അവസാനത്തോടെ മാത്രമേ ഫലം വരുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.