കണ്ണൂർ സ്വദേശി ശ്രീകുമാർ വ്യോമസേന അക്കാദമി മേധാവി
text_fieldsകണ്ണൂർ: കണ്ണൂർ സ്വദേശിയായ എയർ മാർഷൽ ശ്രീകുമാർ പ്രഭാകർ ഹൈദരാബാദ് വ്യോമസേന അക്കാദമി മേധാവിയായി ചുമതലയേറ്റു. 1983 ഡിസംബർ 22ന് ഭാരതീയ വ്യോമസേനയിൽ യുദ്ധവൈമാനികനായി കമീഷൻ ചെയ്ത അദ്ദേഹം നാഷനൽ ഡിഫൻസ് അക്കാദമിയിൽനിന്നു ബിരുദം നേടിയിട്ടുണ്ട്. ഏകദേശം 5000 മണിക്കൂറുകൾ വ്യോമസേനയുടെ ഒറ്റ എൻജിൻ യുദ്ധവിമാനങ്ങളും പരിശീലനവിമാനങ്ങളും പറപ്പിച്ചിട്ടുള്ള അദ്ദേഹം വിമാനപരിശീലകനായും (ക്യാറ്റ് എ) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രണ്ടു സുപ്രധാന ഫ്ലയിങ് സ്റ്റേഷനുകളുടെ കമാൻഡിങ് ഓഫിസറായി ചുമതല വഹിച്ചിട്ടുള്ള ശ്രീകുമാർ വെലിങ്ടൺ ഡിഫൻസ് സർവിസസ് സ്റ്റാഫ് കോളജിൽ സീനിയർ ഡയറക്ടിങ് സ്റ്റാഫ്, കോളജ് ഓഫ് വാർഫെയറിെൻറ കമാൻഡൻറ്, വ്യോമസേന ആസ്ഥാനത്ത് അസി. ചീഫ് ഓഫ് എയർ സ്റ്റാഫ് (ഇൻറലിജൻസ്), ഡയറക്ടർ ജനറൽ (ഇൻസ്പെക്ഷൻ സേഫ്റ്റി) എന്നീ പദവികളും വഹിച്ചു.
ദക്ഷിണ-പശ്ചിമ കമാൻഡിൽ സീനിയർ എയർ സ്റ്റാഫ് ഓഫിസർ ആയിരിക്കെയാണ് തിങ്കളാഴ്ച ഹൈദരാബാദ് വ്യോമസേന അക്കാദമി മേധാവിയായി ചുമതലയേറ്റത്. മികച്ച സേവനത്തിന് 2005ൽ വായുസേന മെഡൽ ലഭിച്ചിട്ടുണ്ട്.
കണ്ണൂർ കല്യാശ്ശേരിയിലെ സി.സി.പി. നമ്പ്യാരുടെയും പത്മിനി നമ്പ്യാരുടെയും മകനാണ്. ഭാര്യ: രേഖ പ്രഭാകരൻ നമ്പ്യാർ (കൊച്ചി). മക്കൾ: വരുൺ (ഓട്ടോമൊബൈൽ എൻജിനീയർ അത്ലാൻറ), തനയ് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.