മുഖം മിനുക്കാൻ ശ്രീകണ്ഠപുരം
text_fieldsശ്രീകണ്ഠപുരം: അഞ്ചുകോടിയുടെ നഗരസൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് ശ്രീകണ്ഠപുരത്ത് തുടക്കമായി. ആദ്യഘട്ടത്തിൽ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ ഓവുചാലുകളുടെ നിർമാണമാണ് ആരംഭിച്ചത്.
ഡിസംബർ 21ന് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നഗരസൗന്ദര്യവത്കരണത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച അഞ്ചുകോടി രൂപ ചെലവിലാണ് നഗരത്തിന്റെ മോടി കൂട്ടുന്നത്.
ഇന്റർലോക്ക് വിരിച്ച നടപ്പാത, സായാഹ്നങ്ങളിൽ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, രാത്രിയാത്രക്കാർക്കായി പാതയോരത്ത് തെരുവുവിളക്കുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക. കാഴ്ചക്കാരെ ആകർഷിക്കുന്നതിനൊപ്പം നാടിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പാലക്കയംതട്ട്, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, കാഞ്ഞിരക്കൊല്ലി തുടങ്ങി മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കൂടുതൽ പേരും ഇതുവഴിയാണ് പോകുന്നത്.
നിലവിൽ കുന്നത്തൂർപ്പാടി മുത്തപ്പ മഹോത്സവത്തിനും നിരവധി പേർ രാത്രികാലങ്ങളിൽ ഇതുവഴിയാണ് പോകുന്നത്. മലയോരത്തിന്റെ ടൂറിസം ഹബ്ബായി നഗരത്തെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഖം മിനുക്കൽ.
നഗര സൗന്ദര്യവത്കരണം പൂർത്തിയാകുന്നതോടെ വ്യാപാരകേന്ദ്രമായ ശ്രീകണ്ഠപുരത്തിന് ഏറെ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോടിക്കണ്ടി കരാർ കമ്പനിക്കാണ് നിർമാണച്ചുമതല.
ആറുമാസംകൊണ്ട് പൂർത്തിയാക്കാനാകുമെന്ന് അധികൃതർ പറഞ്ഞു.
നഗരത്തിന്റെ മുഖച്ഛായ മാറും
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കോട്ടൂർ ഐ.ടി.ഐ ബസ് സ്റ്റോപ് മുതൽ ചെങ്ങളായി ഭാഗത്തേക്ക് ശ്രീകണ്ഠപുരം കക്കറക്കുന്നുവരെയും പയ്യാവൂർ ഭാഗത്തേക്ക് ഓടത്തുപാലം വരെയും ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കും.
തകർന്ന സ്ലാബുകൾ പുനർനിർമിക്കുകയും ആവശ്യമെങ്കിൽ ഡ്രെയിനേജിന്റെ ഉയരം വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഡ്രെയിനേജ് ഇല്ലാത്ത ഭാഗങ്ങളിൽ പുതിയത് നിർമിച്ച് കവർ സ്ലാബിട്ട് സുരക്ഷിതമാക്കും. ടൈൽ, ഇന്റർലോക്ക് എന്നിവ വിരിച്ച് മനോഹരമാക്കുന്ന നടപ്പാതയിൽ കൈവരിയും ഒരുക്കും.
തണൽ മരങ്ങൾക്ക് ചുറ്റും കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങൾ, വഴിയാത്രക്കാർക്കായി നഗരത്തിൽ നിർമിച്ചിട്ടുള്ള ടേക്ക് എ ബ്രേക്ക് കെട്ടിടത്തോട് ചേർന്ന് പൊതുമരാമത്ത് ഭൂമിയിൽ ഓപൺ സ്റ്റേജ് എന്നിവയും ഒരുക്കുന്നുണ്ട്.
കൂടിച്ചേരലുകൾക്കും പൊതുപരിപാടികൾക്കുമാണ് സ്റ്റേജ് ഉപയോഗിക്കുക. സുരക്ഷിതമായ രാത്രിയാത്രക്കും നഗരത്തെ കൂടുതൽ മനോഹരമാക്കാനും 50 ലക്ഷം രൂപ ചെലവിൽ പാതയോരത്ത് തെരുവുവിളക്കുകളും സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.