ശ്രീകണ്ഠപുരത്ത് നഗര സൗന്ദര്യവത്കരണ പ്രവൃത്തികൾ ദ്രുതഗതിയിൽ
text_fieldsശ്രീകണ്ഠപുരം: അഞ്ചുകോടിയുടെ നഗരസൗന്ദര്യവത്കരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ഓവുചാലുകളുടെ നിർമാണവും ടേക്ക് എ ബ്രേക്ക് കെട്ടിടത്തോട് ചേർന്നുള്ള പൊതുമരാമത്ത് ഭൂമിയിലെ ഓപൺ സ്റ്റേജിന്റെ നിർമാണവുമാണ് നടക്കുന്നത്.
ഇതിനോട് ചേർന്നുള്ള ഭാഗത്ത് കൈവരിയും ഭിത്തിയും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 21ന് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്.
സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച അഞ്ചുകോടി രൂപ ചെലവിലാണ് നഗരത്തിന്റെ മോടി കൂട്ടുന്നത്. ഇന്റർലോക്ക് വിരിച്ച നടപ്പാത, സായാഹ്നങ്ങളിൽ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ, രാത്രി യാത്രക്കാർക്കായി പാതയോരത്ത് തെരുവ് വിളക്കുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക. പാലക്കയംതട്ട്, പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, കാഞ്ഞിരക്കൊല്ലി തുടങ്ങി മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കൂടുതൽ യാത്രികരും ഇത് വഴിയാണ് കടന്നുപോകുന്നത്. മലയോരത്തിന്റെ ടൂറിസം ഹബ്ബായി നഗരത്തെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യവുമുണ്ട്. കാലവർഷത്തിനു മുമ്പുപൂർത്തിയാകുമെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു.
കോട്ടൂർ ഐ.ടി.ഐ ബസ് സ്റ്റോപ്പ് മുതൽ ചെങ്ങളായി ഭാഗത്തേക്ക് ശ്രീകണ്ഠപുരം കക്കറക്കുന്ന് ഭാഗം വരെയും പയ്യാവൂർ ഭാഗത്തേക്ക് ഓടത്തുപാലം വരെയും ഓവുചാൽ സംവിധാനം കാര്യക്ഷമമാക്കും.
ഓവുചാൽ ഇല്ലാത്ത ഭാഗങ്ങളിൽ പുതിയത് നിർമിച്ച് കവർ സ്ലാബിട്ട് സുരക്ഷിതമാക്കുന്നുണ്ട്. ചില ഭാഗങ്ങളിൽ റോഡിന്റെ വീതി കുറച്ചും മറ്റിടങ്ങളിൽ കൂട്ടിയുമാണ് ഓടയും നടപ്പാതയും ഒരുക്കുന്നതെന്നാണ് വ്യാപാരികളുടെ പരാതി.
ടൈൽ, ഇന്റർലോക്ക് എന്നിവ വിരിച്ച് മനോഹരമാക്കുന്ന നടപ്പാതയിൽ കൈവരിയും ഒരുക്കും. തണൽ മരങ്ങൾക്ക് ചുറ്റും കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങൾ, ഓപൺ സ്റ്റേജ് എന്നിവയും ഒരുക്കുന്നുണ്ട്.
നിലവിൽ സ്റ്റേജില്ലാത്തതിനാൽ പരിപാടികളെല്ലാം ബസ് സ്റ്റാൻഡിൽ നടത്തുന്നത് യാത്രക്കാർക്കും മറ്റും വലിയ ദുരിതമാണുണ്ടാക്കുന്നത്. 50 ലക്ഷം ചെലവിൽ പാതയോരത്ത് തെരുവ് വിളക്കുകളും സ്ഥാപിക്കുന്നുണ്ട് . ഓവുചാലുകളുടെ നിർമാണം പൂർത്തിയായാൽ ജി.എച്ച്.എച്ച്.എസ് പരിസരത്ത് നിന്നൊഴുകിയെത്തുന്ന വെള്ളം സാമാബസാറിലെ ചെറിയ പൈപ്പ് വഴിയാണ് പുഴയിലെത്തേണ്ടത്. എന്നാൽ വീതിയില്ലാത്ത പൈപ്പിലൂടെ ഇത്രയധികം വെള്ളം ഒഴുക്കിവിടാൻ സാധിക്കില്ല.
ഇത്തരം സാഹചര്യത്തിൽ നഗരത്തിൽ വെള്ളം കയറുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ. പ്രശ്നം പരിഹരിക്കാൻ സാമാ ബസാറിലെ പൈപ്പുകൾ മാറ്റി വീതിയുള്ള വലിയ പൈപ്പുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.