എസ്.എസ്.എൽ.സി: നാലാമതും ഒന്നാമതാവാൻ കണ്ണൂർ
text_fieldsകണ്ണൂർ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടർച്ചയായ നാലാം തവണയും സംസ്ഥാനത്ത് ഒന്നാമതാവാൻ മിന്നും ജയം കാത്ത് കണ്ണൂർ. ബുധനാഴ്ചത്തെ ഫലപ്രഖ്യാപനം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും.
തുടർച്ചയായ മൂന്ന് വർഷമായി സംസ്ഥാനതലത്തിൽ വിജയശതമാനത്തിൽ ഒന്നാം സ്ഥാനം കണ്ണൂർ വിട്ടുകൊടുത്തിട്ടില്ല. വിജയശതമാനം ഉയർത്താൻ ജില്ല പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചിട്ടയായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
പരീക്ഷയിൽ വിജയം ഉറപ്പിക്കുന്നതിനായി ജില്ല പഞ്ചായത്ത് നടപ്പാക്കിയ സ്മൈല്‍, മുകുളം പദ്ധതികൾ തുടർച്ചയായി ഒന്നാമതെത്താൻ കണ്ണൂരിനെ ചില്ലറയൊന്നുമല്ല സഹായിച്ചത്. ഇത്തവണ സ്മൈൽ പ്രേജക്ട് എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കായി കുറച്ചകൂടി ഗൗരവമായി നടത്തിയിരുന്നു.
പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേക മൊഡ്യൂള്‍ തയാറാക്കി സ്കൂളുകളില്‍ പരിശീലനം നല്കി. പ്രത്യേക ക്ലാസുകളും പരീക്ഷകളും നടത്തി. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ മനസിലാക്കിയാണ് പരിശീലനം നല്‍കിയത്.
50 ലക്ഷം രൂപ ചെലവിലാണ് ജില്ല പഞ്ചായത്ത് വിദ്യാർഥികൾക്കായി സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കിയത്. പഠനത്തിൽ പിന്നാക്കമുള്ള കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ചു. ഇവർക്ക് കൂടുതലായി ശ്രദ്ധ നൽകി പഠന നിലവാരത്തിലേക്ക് ഉയർത്തി. കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലൂടെ ഇത്തവണ മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
ജില്ലയിൽ 36,288 വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്. 18,925 ആൺകുട്ടികളും 17,363 പെൺകുട്ടികളും പരീക്ഷ എഴുതി. കഴിഞ്ഞവർഷം 99.94 ശതമാനം വിജയവുമായാണ് സംസ്ഥാനത്ത് കണ്ണൂർ ഒന്നാമതായത്.
2022ൽ കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ എല്ലാ പ്രതിസന്ധികളും മറികടന്ന് 99.77 ശതമാനം വിജയം നേടിയിരുന്നു. കഴിഞ്ഞവർഷം 34,997 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 34,975 പേർ ഉപരിപഠനത്തിന് അർഹത നേടി.
2363 ആൺകുട്ടികളും 4440 പെൺകുട്ടികളും ഉൾപ്പെടെ 6803 പേർക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. 195 സ്കൂളുകൾ നൂറുമേനി കൊയ്തു. ഇത്തവണ വിജയശതമാനവും നേട്ടങ്ങളും വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂർ. വിജയശതമാനം- 2021-99.85, 2022-99.77, 2023-99.94.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.