സെന്റ് മൈക്കിൾസിന്റെ പടികടന്ന് അവർ പ്ലസ് വൺ ക്ലാസിലേക്ക്
text_fieldsകണ്ണൂർ: സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ ക്ലാസിലും പെൺകുട്ടികളെത്തി. സർക്കാർ അനുമതിയെ തുടർന്ന് ഈ അധ്യയന വർഷം മുതലാണ് പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചുതുടങ്ങിയത്. ഇതിന്റെ ഭാഗമായി ഒന്നാം ക്ലാസുകളിൽ 33 പെൺകുട്ടികൾക്ക് നേരത്തേ പ്രവേശനം നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച തുടങ്ങിയ പ്ലസ് വൺ ക്ലാസുകളിലേക്കും പെൺകുട്ടികൾ എത്തിയത്. 180 കുട്ടികളാണ് ഈ വർഷം പ്ലസ് വണിന് പ്രവേശനം നേടിയത്. ഇതിൽ 51 പെൺകുട്ടികളാണ്. 159 വർഷത്തെ സ്കൂളിന്റെ ‘പുരുഷാധിപത്യ’മാണ് ഒന്നാം ക്ലാസ് വിദ്യാർഥിനികളുടെ വരവോടെ ഇല്ലാതായത്.
1865 ജൂൺ ഒന്നിനാണ് ഈശോ സഭയുടെ നേതൃത്വത്തിൽ ബർണശ്ശേരിയിൽ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. അന്നുതൊട്ട് ഇക്കഴിഞ്ഞ അധ്യയന വർഷംവരെ ഒന്നു മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം അനുവദിച്ചിരുന്നത്. ഇതേത്തുടർന്ന് മാനേജ്മെന്റ് നൽകിയ അപേക്ഷ പരിഗണിച്ചാണ് പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ സർക്കാർ അനുമതി നൽകിയത്.
പ്ലസ് വൺ പ്രവേശനോത്സവം റവ. ഡോ. ഇ.പി. മാത്യു ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. രാജു അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ 160ാം വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം മുൻ മന്ത്രി പി.കെ. ശ്രീമതി നിർവഹിച്ചു. ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. മണികണ്ഠൻ, ഡോ. ആർ. ശ്യാം കൃഷ്ണൻ എന്നിവർ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ സി.കെ. മനോജ് കുമാർ, ഹെഡ്മാസ്റ്റർ ഫാ. ടോംസൺ ആന്റണി, പി.ടിഎ പ്രസിഡന്റ് കെ.എൻ. ഷാജി, സ്റ്റാഫ് സെക്രട്ടറി കെ.കെ. ജിജേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.