വർണാഭം, ജനസാഗരം
text_fieldsകണ്ണൂർ: ജനസഹസ്രങ്ങൾ അണിനിരന്ന വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാന കേരളോത്സവത്തിന് കണ്ണൂരിൽ തുടക്കമായി. പാട്ടും നൃത്തവും വാദ്യമേളവും സമന്വയിച്ച് വര്‍ണാഭമായ ഘോഷയാത്ര കണ്ണൂരിന് നിറച്ചാര്ത്തുനല്കി. സംസ്ഥാന കേരളോത്സവത്തിന്റെ ഉദ്ഘാടനത്തിന്റെ മുന്നോടിയായാണ് ഘോഷയാത്ര നടന്നത്.
പഴയ ബസ് സ്റ്റാൻഡില്‍നിന്നായിരുന്നു തുടക്കം. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, റസിഡന്‍സ് അസോസിയേഷന് എന്നിവയുടെ ബാനറുകള്‍ക്ക് കീഴില്‍ ഏവരും അണിനിരന്നു. ചെണ്ടമേളവും നാസിക് ബാൻഡും ആവേശമേകിയപ്പോള് നര്‍ത്തകിമാര്‍ ആനന്ദനൃത്തമാടി.
മയക്കുമരുന്നും കോവിഡാനന്തര ജീവിതവും വിഷയങ്ങായ ടാബ്ലോകള്‍ ജനശ്രദ്ധനേടി. മോഹിനിയാട്ടം, മാര്‍ഗംകളി, കളരിപ്പയറ്റ്, തിരുവാതിര സംഘം, തെയ്യം എന്നിവ കണ്ണൂരിന്റെ കലാപ്രൗഢിക്ക് മാറ്റുകൂട്ടി. സ്ത്രീധനം, മയക്കുമരുന്ന് തുടങ്ങിയവക്ക് എതിരെയുള്ള പ്ലക്കാഡുകള്‍, ചരിത്രപുരുഷന്മാരുടെ ചിത്രങ്ങള്‍, മുത്തുക്കുട എന്നിവ കൈയിലേന്തിയാണ് കേരളീയവസ്ത്രമണിഞ്ഞ വനിതകള്‍ പങ്കെടുത്തത്.
ലോകകപ്പ് ഫൈനലിലെത്തിയ അര്‍ജന്റീന, ഫ്രാന്‍സ് ടീമുകളുടെ ജഴ്സി അണിഞ്ഞ് ഫുട്ബാളുമായെത്തിയ കുട്ടികള്‍ വേറിട്ടസാന്നിധ്യമായി. മികച്ചപ്രകടനം കാഴ്ചവെച്ച തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത്, കൂത്തുപറമ്പ് നഗരസഭ, തളാപ്പ് സംഗമം റസിഡന്‍സ് അസോസിയേഷന് എന്നിവര്‍ക്ക് പുരസ്കാരം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.