സംസ്ഥാനത്തിന്റെ അക്കാദമിക നിലവാരം ഉയർന്നു -മുഖ്യമന്ത്രി
text_fieldsമമ്പറം: സംസ്ഥാനത്തിന്റെ അക്കാദമിക നിലവാരം ഉയർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഫലമാണ് ഈ വർഷത്തെ എസ്. എസ്.എൽ.സി പരീക്ഷയിലെ ഉയർന്ന വിജയം. മമ്പറം ഹയർ സെക്കൻഡറി സ്കൂൾ 40ാം വാർഷികാഘോഷത്തിന്റെയും സ്കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ അക്കാദമിക നിലവാരത്തിന് അനുസൃതമായ രീതിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ കരുത്തുറ്റതാക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. എല്ലാ വിഭാഗം കുഞ്ഞുങ്ങൾക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കും.
എന്നാൽ, രാജ്യത്ത് ചരിത്രത്തെ ചിലർ വളച്ചൊടിക്കുന്നു. മഹാത്മാഗാന്ധിയെ കൊന്നതാണെന്നത് മറച്ചുവെക്കുന്നു. ഗോഡ്സെക്ക് അമ്പലം പണിയുന്ന ഒരു കൂട്ടരെ നമ്മൾ കണ്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽനിന്ന് ഒരു വിഭാഗം മാറിനിന്നു.
നമ്മുടെ കുട്ടികൾക്ക് കൃത്യമായ ചരിത്രബോധം ഉണ്ടാക്കണം. അതിന് വേണ്ടിയുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. മതനിരപേക്ഷത, ജനാധിപത്യം എന്നിവ പഠിപ്പിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
കേന്ദ്രസർക്കാർ വേണ്ട എന്ന് പറഞ്ഞ പാഠഭാഗങ്ങൾ കേരളത്തിൽ ഉൾകൊള്ളിക്കും. ഇത് കേരളമാണ്, മതനിരപേക്ഷതയുടെ വിളനിലമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. എം.എൽ.എ മാരായ കെ.പി. മോഹനൻ , സജീവ് ജോസഫ് , മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷ്, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗീത, പഞ്ചായത്ത് അംഗം പി.കെ. ഇന്ദിര, പ്രിൻസിപ്പൽ കെ.പി. ശ്രീജ, പ്രധാനാധ്യാപകൻ കെ. വി. ജയരാജ്, വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ മമ്പറം പി. മാധവൻ, പി. ടി.എ പ്രസിഡന്റ് വി.വി. ദിവാകരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.വി ജയരാജൻ, വി.എ. നാരായണൻ, സി.എൻ. ചന്ദ്രൻ, കെ. ശശിധരൻ, എൻ.പി. താഹിർ കെ.പി. ഹരീഷ് ബാബു, ടി. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.