എൻ.എസ്.എസ് ക്യാമ്പിന് കല്ലേറ്: വിദ്യാർഥിനിക്ക് പരിക്ക്
text_fieldsകൂത്തുപറമ്പ്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എൻ.എസ്.എസ് ക്യാമ്പിന് നേരെ സാമൂഹിക ദ്രോഹികളുടെ അക്രമം. കല്ലേറിൽ ജനൽ ചില്ല് തകർന്ന് വിദ്യാർഥിനിക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് അവധിക്കാല ക്യാമ്പിന് തുടക്കമായത്. പാലയാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് ഒരാഴ്ച നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് കുട്ടികൾ കിടന്നുറങ്ങുന്ന ക്ലാസ് മുറിക്ക് നേരെ ആദ്യം കല്ലേറുണ്ടായത്.
ശക്തമായ കല്ലേറിൽ ജനൽ ഗ്ലാസ് തകർന്നിരുന്നു. ശബ്ദം കേട്ട് പെൺകുട്ടികൾ ഉൾപ്പെടെ പരിഭ്രാന്തരായി നിലവിളിക്കുകയായിരുന്നു. സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിൽ ബുധനാഴ്ച രാത്രി എട്ടോടെ സ്കൂളിന് നേരെ വീണ്ടും കല്ലേറുണ്ടായി. കല്ലേറിൽ ജനൽചില്ല് തകർന്നാണ് ക്യാമ്പിനെത്തിയ വിദ്യാർഥിനിക്ക് കണ്ണിന് പരിക്കേറ്റത്. സാമൂഹിക വിരുദ്ധരാണ് അക്രമത്തിന് പിറകിലെന്നാണ് അധ്യാപകർ പറയുന്നത്. തുടർച്ചയായി അക്രമം നടന്നതോടെ പരിഭ്രാന്തരായിരിക്കുകയാണ് ക്യാമ്പിനെത്തിയ കുട്ടികൾ. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം ക്യാമ്പിന് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.