കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവുനായ് ആക്രമണം; കുട്ടികളടക്കം ഏഴുപേർക്ക് കടിയേറ്റു
text_fieldsകണ്ണൂർ: തെരുവുനായ് വിളയാട്ടത്തിൽ പേടിച്ച് ജനം. കണ്ണൂരിൽ വീണ്ടും കുട്ടികളടക്കം ഏഴു പേർക്ക് തെരുവുനായുടെ കടിയേറ്റു. കണ്ണൂർ സിറ്റിയിൽ അഞ്ചുകണ്ടി, കോട്ടക്ക് താഴെ, വലിയകുളം, കൊച്ചിപ്പള്ളി ഭാഗങ്ങളിലൂടെ നടന്ന് പോവുന്നവർക്കാണ് വെള്ളിയാഴ്ച വൈകീട്ട് തെരുവുനായുടെ കടിയേറ്റത്.
ട്യൂഷൻ ക്ലാസിന് പോവുകയായിരുന്ന അഞ്ചുക്കണ്ടി പറമ്പിലെ ഹവ (12), താഴെചൊവ്വ സ്വദേശി ആഷിർ(36), സിറ്റി സ്വദേശികളായ അബ്ദുൽ വഹീദ്(34), മുഹമ്മദ് നിസാർ(62), അനസ്(14), ഹാരീസ്(62), സുരേഷ് (50) എന്നിവർക്കാണ് കടിയേറ്റത്. കടിയേറ്റ അഞ്ചുപേർ ജില്ല ആശുപത്രിയിലും രണ്ടുപേർ പരിയാരത്തെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. കുത്തിവെപ്പ് എടുത്ത ശേഷം നിരീക്ഷണത്തിലാക്കിയ ഇവരെ വീടുകളിലേക്ക് അയച്ചു.
നവംബർ 27ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 15 യാത്രക്കാരെ തെരുവുനായ് കടിച്ചിരുന്നു. പിന്നീട് കടിച്ച നായ്ക്ക് പേവിഷ ബാധയും സ്ഥിരീകരിച്ചിരുന്നു. നഗരമധ്യത്തിൽ ഇത്രയുംപേർക്ക് ഒരു ദിവസം കടിയേറ്റിട്ടും തെരുവുനായ്ക്കകളെ നിയന്ത്രിക്കാൻ കേർപറേഷൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നഗരവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.
അക്രമകാരികളായ തെരുവുനായ്ക്കകളെ പിടികൂടാൻ പട്ടിപിടിത്തക്കാരുടെ പാനൽ തയാറാക്കാനും പിടികൂടിയ തെരുവുനായകൾക്കായി ഷെൽട്ടർ ഹോം സ്ഥാപിക്കാനും കോർപറേഷൻ പദ്ധതി രൂപീകരിക്കാനും പ്രത്യേകം വിളിച്ച യോഗത്തിൽ തീരുമാനമായിരുന്നു. ഇതിന് ശേഷം പട്ടിപിടുത്തം തുടങ്ങിയെങ്കിലും പലയിടത്തും നായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുകയാണ്. നഗരത്തിലും പരിസരപ്രദേശങ്ങളിലും സിറ്റി, ആയിക്കര, ജില്ല ആശുപത്രി പരിസരം എന്നിവിടങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്.
തെരുവു നായുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെ മേയര്‍ മുസ് ലിഹ് മഠത്തില്‍, സ്റ്റാൻഡി കമ്മിറ്റി ചെയര്മാന് സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ അഷറഫ് ചിറ്റുളി, മുസ് ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, അൽതാഫ് മാങ്ങാടൻ എന്നിവര്‍ സന്ദർശിച്ചു.
‘ജില്ല പഞ്ചായത്ത് സഹകരിക്കുന്നില്ല’
കണ്ണൂർ: നഗരത്തിലെ തെരുവു നായ്ക്കളെ പിടികൂടാൻ ജില്ല പഞ്ചായത്ത് സഹകരിക്കുന്നില്ലെന്ന് മേയർ മുസ്ലിഹ് മഠത്തിൽ. എ.ബി.സി പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത് ജില്ല പഞ്ചായത്ത് വഴിയാണ്. ഇതിനായി കോർപറേഷൻ 20 ലക്ഷം ജില്ല പഞ്ചായത്തിന് നൽകിയിട്ടുണ്ട്. എന്നിട്ടും ജില്ല പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് സഹകരണം കിട്ടുന്നില്ല.
കഴിഞ്ഞ ദിവസം കൗൺസിൽ നടക്കവെ പ്രതിപക്ഷം നടത്തിയ സമരം നാടകമാണ്. ഇക്കാര്യത്തിൽ കോർപറേഷൻ ഒന്നും ചെയ്യുന്നില്ലെന്ന പ്രതിപക്ഷ ആരോപണം വസ്തുതാവിരുദ്ധമാണെന്നും മേയർ പറഞ്ഞു.
നായ്ക്കളെ പിടിച്ചാൽ പാർപ്പിക്കാനുള്ള കൂട് ആവശ്യപ്പെട്ടിട്ടും ജില്ല പഞ്ചായത്ത് അനുകൂല നിലപാടല്ല സ്വീകരിച്ചത്. ഇതുകാരണം രണ്ട് പട്ടിക്കൂടുകൾ കോർപറേഷൻ സ്വന്തമായി നിർമിക്കുകയായിരുന്നെന്നും ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര പറഞ്ഞു. കഴിഞ്ഞ നാലുദിവസങ്ങളിലായി 21 തെരുവ് നായ്ക്കളെ പിടികുടിയതായും ഡെപ്യൂട്ടി മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.