തെരുവുനായ്ക്കൾ കടിച്ചുകീറുന്നു...
text_fieldsകണ്ണൂർ: ജില്ലയിൽ മിക്കയിടങ്ങളിലും തെരുവു നായ്ക്കളുടെ ആക്രമണം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ അത്താഴക്കുന്ന്, കൊറ്റാളി, ശാദൂലിപ്പള്ളി എന്നിവിടങ്ങളിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 16 പേർക്കാണ് പരക്കേറ്റത്. വിദ്യാർഥികളും വയോധികരുമടക്കം ആക്രമണത്തിനിരയായിരുന്നു.
കോർപറേഷനിൽ പുഴാതി സോണിലടക്കം നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുയർന്നിരുന്നു. എന്നാൽ, അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. വിഷയം കോർപറേഷൻ ഗൗരവമായി എടുക്കില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. തെരുവുനായ് വിഷയം കൈകാര്യം ചെയ്യുന്നതിൽ കോർപറേഷന് പോരായ്മയുണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ കൗൺസിലർ എൻ. സുകന്യ ആരോപിച്ചിരുന്നു.
ജില്ല പഞ്ചായത്ത് അധികൃതരെ കൂടി ഉൾപ്പെടുത്തി വിഷയത്തിൽ ഊർജിത നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് ഭരണപക്ഷ കൗൺസിലർമാരും രംഗത്തെത്തി. തുടർന്ന് വിഷയത്തിൽ ജനപ്രതിനിധികളെയടക്കം ഉൾപ്പടുത്തി സർവകക്ഷി യോഗം ചേരാമെന്ന് മേയർ ടി.ഒ. മോഹനൻ യോഗത്തിൽ അറിയിച്ചു. തെരുവുകളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരെ ബോധവത്കരണവും നായ്ക്കളിൽ വാക്സിനേഷൻ കൂട്ടാനുമാണ് ജില്ല പഞ്ചായത്തിന്റെ തീരുമാനം.
മൃഗസംരക്ഷണ വകുപ്പുമായി ചേർന്നായിരിക്കും പ്രവർത്തനം. നിലവിൽ പടിയൂരിലാണ് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയരാക്കുന്ന എ.ബി.സി കേന്ദ്രം പ്രവർത്തിക്കുന്നത്.
അഞ്ച് മാസത്തിനിടെ ഏതാണ്ട് 700നടുത്ത് നായ്ക്കളെ ഇവിടെ വന്ധ്യകരണ ശസ്ത്രക്രിയക്ക് വിധേയരാക്കി എന്നാണ് കണക്ക്. എന്നാൽ, ജില്ലയിലെ നായ്ക്കളുടെ എണ്ണത്തിലെ വർധനവ് ആക്രമണം നിയന്ത്രിക്കാൻ സാധിക്കാൻ പറ്റാത്ത സ്ഥിതിയാണ്. കൂടാതെ ജില്ലയിൽ നാല് എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങുമെന്ന പ്രഖ്യാപനവും എങ്ങുമെത്തിയില്ല. കണ്ണൂർ കോർപറേഷൻ, കോട്ടയം പഞ്ചായത്ത്, മട്ടന്നൂർ നഗരസഭ, ഇരിക്കുർ ബ്ലോക്ക് എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ തുടങ്ങുമെന്ന പ്രഖ്യാപനമുണ്ടായത്. തദ്ദേശ സ്ഥാപനങ്ങൾ ഇതിനായി ഫണ്ട് വകയിരുത്തിയെങ്കിലും സ്ഥലം കണ്ടെത്താനാകാത്താണ് പ്രശ്നം.
ഇതിനുപുറമെ തദ്ദേശ തലത്തിൽആരംഭിച്ച തെരുവുനായ്ക്കൾക്കുള്ള വാക്സിനേഷൻ യജ്ഞം പാതിവഴിയിലായതും തെരുവുനായ് ശല്ല്യം രൂക്ഷമാമാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.