തെരുവുനായ് ആക്രമണം;കുട്ടിയുടെ ചികിത്സക്ക് അനുവദിച്ചത് 1,44,330 രൂപ
text_fieldsകണ്ണൂർ: മുഴപ്പിലങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം മൂന്നാം ക്ലാസ് വിദ്യാർഥിനി ജാൻവികയെ തെരുവുനായ്ക്കൾ ആക്രമിച്ച സംഭവത്തിൽ ആശുപത്രിയിൽ ചെലവായ 1,44,330 രൂപ പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് അനുവദിച്ചിട്ടുണ്ടെന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. ജില്ലയിലെ ടൂറിസം സ്പോട്ടുകൾ മാലിന്യമുക്തമാക്കി തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കി വരുകയാണെന്ന് ജില്ല കലക്ടറും കമീഷനെ അറിയിച്ചു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് കേസ് തീർപ്പാക്കി.
മുഴപ്പിലങ്ങാട് പതിനൊന്നുകാരനെ തെരുവു നായ്ക്കൾ കടിച്ചുകൊന്ന സംഭവത്തിലും ജാൻവിക എന്ന വിദ്യാർഥിനിയെ ആക്രമിച്ച സംഭവത്തിലും കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിന് എ.ബി.സി. പദ്ധതി മാത്രമാണ് നിലവിലുള്ളതെന്ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
51 നായ്ക്കളെ വന്ധ്യംകരണം നടത്തി. ഇവയെ തിരികെ കൊണ്ടുവിടുന്നതിന് പ്രദേശവാസികൾ എതിർപ്പു പ്രകടിപ്പിച്ച സാഹചര്യത്തിൽ 36 നായ്ക്കളെ വന്ധ്യംകരണം നടത്തി പാലക്കാട് ആനിമൽ ആശ്രമത്തിൽ എത്തിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമകാരികളായ നായ്ക്കളെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുകൾ നിർമിച്ച് പാർപ്പിക്കാൻ മൂന്നു പഞ്ചായത്തംഗങ്ങൾ സമ്മതിച്ചിട്ടുണ്ട്. പേവിഷബാധ നിയന്ത്രിക്കുന്നതിന് ആന്റി റാബീസ് വാക്സിൻ ലഭ്യമാക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമീഷൻ കേസ് തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.