തെരുവുനായ് ശല്യം; അക്രമകാരികളെ കൊല്ലണമെന്ന് പൊതുജന നിർദേശം
text_fieldsകണ്ണൂർ: തെരുവുനായ് പ്രശ്നം സംബന്ധിച്ച സുപ്രീംകോടതി കേസിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്ന് ലഭിച്ചത് മുന്നൂറിലേറെ നിർദേശങ്ങൾ. ഇതിൽ ഭൂരിപക്ഷവും അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലണമെന്നാണ്. ആഗസ്റ്റ് 16ന് കേസ് കോടതി വീണ്ടും പരിഗണിക്കും. പൊതുജനങ്ങൾ നൽകിയ നിർദേശങ്ങൾ ക്രോഡീകരിച്ച് കോടതിക്ക് സമർപ്പിക്കുമെന്ന് ജില്ല പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ജില്ല പഞ്ചായത്ത് കക്ഷി ചേര്‍ന്നതിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി പൊതുജനങ്ങളില്‍നിന്ന് നിർദേശങ്ങള്‍ ക്ഷണിച്ചിരുന്നു.
കേസ് നടത്തിപ്പിനുള്ള ചെലവിന് അനുമതി നൽകാൻ സർക്കാറിനോട് ആവശ്യപ്പെടാൻ ജില്ല പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. നിർവഹണ കലണ്ടർ അടിസ്ഥാനത്തിൽ പദ്ധതികൾ പൂർത്തീകരിക്കാൻ നിർവഹണ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും യോഗത്തിൽ നിർദേശമുയർന്നു. വാർഷിക പദ്ധതി പ്രവൃത്തികൾ ജനുവരിക്കുള്ളിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.
പദ്ധതികൾ സംബന്ധിച്ച് ഡിവിഷൻ തല മോണിറ്ററിങ് കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ ആറ് ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് ടു വിദ്യാർഥിനികൾക്കായി 834 മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യാൻ യോഗത്തിൽ തീരുമാനമായി. കല്യാശ്ശേരി കെ.പി.ആർ.ജി.എച്ച്.എസ്.എസ് (173), പാലയാട് ജി.എച്ച്.എസ്.എസ് (132), ചിറ്റാരിപറമ്പ് ജി.എച്ച്.എസ്.എസ് (128), ചുഴലി ജി.എച്ച്.എസ്.എസ് (90), പാല ജി.എച്ച്.എസ്.എസ് (140), മാടായി ജി.എച്ച്.എസ്.എസ് ഗേൾസ് (178) എന്നിവിടങ്ങളിലാണ് കപ്പുകൾ വിതരണം ചെയ്യുക.
ജില്ല പഞ്ചായത്തിന് കീഴിലെ ഫാമുകളിൽ ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയ ഓൺലൈൻ പേയ്മെൻറ് സംവിധാനം എർപ്പെടുത്താനും യോഗം അനുമതി നൽകി. ജില്ല പഞ്ചായത്തിന് കീഴിലെ 38 സ്കൂളുകളിൽ പ്രീ ഫാബ്രിക്കേറ്റഡ് മോഡുലാർ ടോയിലറ്റ് സ്ഥാപിക്കുന്നതിന് പ്രോജകറ്റ് മാനേജ്മെൻറ് കൺസൽട്ടൻസിക്കായുള്ള ടെണ്ടറിൽ സിൽക്കിന്റെ ടെണ്ടർ അംഗീകരിച്ചു.
കല്യാശ്ശേരി സിവിൽ സർവിസ് അക്കാദമിയിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച വിശദ റിപ്പോർട്ട് സമർപ്പിക്കാൻ പട്ടികവർഗ വികസന ഓഫിസർക്ക് യോഗം നിർദേശം നൽകി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ. സുരേഷ് ബാബു, കെ.കെ. രത്നകുമാരി, യു.പി. ശോഭ, ടി. സരള, ജില്ല പഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുൽ ലത്തീഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.