തെരുവുനായ് ശല്യം; വന്ധ്യംകരണം നാലുമുതൽ
text_fieldsകണ്ണൂർ: തെരുവുനായ് ഭീഷണി വർധിച്ച സാഹചര്യത്തിൽ ജില്ലയിൽ വന്ധ്യംകരണം ഒക്ടോബർ നാലുമുതൽ തുടങ്ങും. ആനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിപ്രകാരം വന്ധ്യംകരണത്തിനായി പടിയൂരിൽ ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ പ്രത്യേകം ഒരുക്കിയ ആശുപത്രിയിലാണ് സൗകര്യമൊരുക്കുക.
പേവിഷബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എ.ബി.സി പദ്ധതി വിപുലമാക്കാൻ തീരുമാനമുണ്ടായെങ്കിലും ആവശ്യത്തിന് നായ് പിടിത്തക്കാരും ഡോക്ടർമാരും ഇല്ലാത്തതിനെ തുടർന്നാണ് വൈകിയത്. ഈ മാസം 27ന് നടക്കുന്ന അഭിമുഖത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കും.
2017 മുതൽ പാപ്പിനിശ്ശേരിയിലായിരുന്നു വന്ധ്യംകരണകേന്ദ്രം പ്രവർത്തിച്ചിരുന്നത്. മൃഗാശുപത്രിയോടു ചേർന്ന് ഒരുക്കിയ കേന്ദ്രം മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. പേവിഷബാധ കൂടുതലായി റിപ്പോർട്ട് ചെയ്തതോടെയാണ് പടിയൂരിൽ പ്രത്യേകം സൗകര്യമുള്ള ആശുപത്രിയിലേക്ക് പ്രവർത്തനം മാറ്റുന്നത്. പാപ്പിനിശ്ശേരിയിൽ 10 കൂടുകളുടെ സൗകര്യം മാത്രമേയുള്ളൂ.
നേരത്തേ സെപ്റ്റംബർ അവസാനവാരത്തോടെ എ.ബി.സി പദ്ധതി പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നെങ്കിലും ഡോക്ടർമാരെയും നായ് പിടിത്തക്കാരെയും ലഭിക്കാത്തതിനാൽ അടുത്തമാസത്തിലേക്ക് നീങ്ങുകയായിരുന്നു.
തെരുവുനായ് വന്ധ്യംകരണത്തിന് വെറ്ററിനറി സർജൻ, മൃഗപരിപാലകർ, തിയറ്റർ സഹായി, ശുചീകരണസഹായി, നായ് പിടിത്തക്കാരൻ എന്നിവർ അടങ്ങുന്ന പ്രത്യേക മെഡിക്കൽസംഘവും എ.ബി.സി കേന്ദ്രവും ബ്ലോക്ക് തലത്തിൽ ഒരുക്കണമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും ആവശ്യത്തിന് സ്ഥലം ലഭിക്കാത്ത സ്ഥിതിയാണ്. ആവശ്യത്തിന് ഡോക്ടർമാരെയും നായ് പിടിത്തക്കാരെയും ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
നേരത്തേ തെരുവുനായ്ക്കളെ വന്ധ്യംകരണത്തിനായി പിടികൂടാൻ തദ്ദേശീയരെ ലഭിക്കാതായപ്പോൾ നേപ്പാളിൽനിന്നാണ് എത്തിച്ചത്. നിലവിൽ വന്ധ്യംകരണത്തിന് നായ്ക്കളെ പിടികൂടാൻ തയാറായി തദ്ദേശീയരായ 15 പേർ മുന്നോട്ടുവന്നിട്ടുണ്ട്.
വിദഗ്ധ പരിശീലനം ലഭിച്ച അഞ്ചുപേരും സംഘത്തിന്റെ ഭാഗമാകും. ഒരു നായെ വന്ധ്യംകരിക്കാൻ കുറഞ്ഞത് രണ്ടു മണിക്കൂർ വേണം. ഒരു ദിവസം പരമാവധി 15 നായ്ക്കളെയാണ് വന്ധ്യംകരിക്കാനാവുക.
ഓരോ പ്രദേശത്തെയും നായ്ക്കളുടെ എണ്ണത്തിനനുസരിച്ച് രണ്ടു ബ്ലോക്കുകൾക്ക് ഒരെണ്ണമെന്ന നിലയിൽ ഓപറേഷൻ തിയറ്റർ, നായ്ക്കളെ പാർപ്പിക്കാനുള്ള കേന്ദ്രം എന്നിവ ഒരുക്കണമെന്നാണ് സർക്കാറിന്റെ പുതിയ നിർദേശം.
പേവിഷ ബാധയേറ്റുള്ള മരണം വർധിച്ച സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് എ.ബി.സി വികേന്ദ്രീകൃതാസൂത്രണ കോഓഡിനേഷൻ കമ്മിറ്റി പുതിയ ഉത്തരവ് ഇറക്കിയത്.
അതേസമയം, തെരുവുനായ് ഭീഷണി മറികടക്കാൻ നഗരസഭ, ബ്ലോക്ക് തലത്തിൽ കുത്തിവെപ്പ് ചൊവ്വാഴ്ച മുതൽ തുടങ്ങും. ആദ്യഘട്ടത്തിൽ കല്യാശ്ശേരി ബ്ലോക്കിലാണ് കുത്തിവെപ്പ്. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡോഗ് ലവേഴ്‌സ് സംഘടനയുടെ സഹായത്തോടെ തെരുവുനായ്ക്കളെ കുത്തിവെക്കുന്ന പ്രവര്‍ത്തനം ജില്ലയില്‍ പുരോഗമിക്കുന്നുണ്ട്.
ഇതുവരെ അമ്പതിലേറെ നായ്ക്കളെയാണ് കുത്തിവെച്ചത്. നായ്ക്കളെ പിടികൂടാൻ ബുദ്ധിമുട്ട് നേരിടുന്നതാണ് പ്രധാന വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.