തെരുവുനായ് ശല്യത്തിനിടയിലും തെരുവ് വിളക്കുകൾ പ്രവർത്തന രഹിതം
text_fieldsതളിപ്പറമ്പ്: തെരുവുനായ്ക്കളുടെ അക്രമം പെരുകുമ്പോഴും നഗരസഭയിലെ മിക്ക തെരുവു വിളക്കുകളും പ്രവർത്തനരഹിതമായതിനെതിരെ തളിപ്പറമ്പ് നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ വിമർശനവുമായി രംഗത്ത്. വെള്ളിയാഴ്ച രാവിലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് പ്രശ്നം ഉന്നയിച്ചത്.
തെരുവു നായ്ക്കളുടെ അക്രമം വർധിച്ചുവരുമ്പോൾ നഗരസഭയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും ആളുകളോട് മറുപടി പറഞ്ഞ് കൗൺസിലർമാർ മടുത്തിരിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങൾ വിമർശനമുന്നയിച്ചു. നായ് ശല്യം രൂക്ഷമാകുമ്പോഴും നാലുമാസത്തോളമായി നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ തെരുവു വിളക്കുകൾ പ്രവർത്തന രഹിതമായിരിക്കുന്നത് ജനങ്ങളുടെ ജീവന് കൂടുതൽ ഭീഷണി ഉയർത്തുകയാണെന്നും വിമർശനമുയർന്നു.
തെരുവു നായ് വിഷയത്തിൽ സുപ്രീംകോടതിക്കു മാത്രമേ എന്തെങ്കിലും ചെയ്യാനാകൂവെന്ന് സ്ഥിരം സമിതി അധ്യക്ഷൻ പി.പി മുഹമ്മദ് നിസാർ മറുപടി നൽകി. വന്ധ്യംകരണം നടത്തുന്നതിന് ഷെഡ്യൂൾ പ്രകാരം ജില്ല പഞ്ചായത്ത് സഹായം നൽകുന്നുണ്ട്. എന്നാൽ ഇവയെല്ലാം ഇവിടെ തന്നെ തിരിച്ചെത്തുന്നതിനാൽ അക്രമ ഭീഷണി ഒഴിവാകുന്നില്ല. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും നിലവിൽ ഇത് പരിഹരിക്കാനാകില്ല. തെരുവുവിളക്കുകളുടെ പരിപാലനത്തിന് കെൽട്രോണുമായാണ് കരാർ. അവരുടെ ഭാഗത്തു നിന്നുള്ള നിസ്സഹകരണമാണ് തെരുവു വിളക്കുകൾ കത്തിക്കാൻ സാധിക്കാത്തതെന്നും പ്രശ്നം പരിഹരിക്കാൻ പുതിയ മാർഗം തേടുമെന്നും പി.പി നിസാർ പറഞ്ഞു.
ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന റിങ് കമ്പോസ്റ്റിന് 10 ശതമാനം ഗുണഭോക്തൃ വിഹിതം വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടു. എന്നാൽ മാലിന്യ സംസ്കരണം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന നിലയിൽ ശുചിത്വ മിഷൻ നടപ്പിലാക്കുന്ന പദ്ധതിയാണിതെന്നും ഗുണഭോക്തൃ വിഹിതം വാങ്ങാതിരുന്നാൽ ഉദ്യോഗസ്ഥർക്ക് ബാധ്യതയായി മാറുമെന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും സെക്രട്ടറി മറുപടി നൽകി.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസുമായി ബന്ധപ്പെട്ട സ്ഥലത്ത് ഷെഡ് നിർമിക്കാൻ നഗരസഭ അനുമതി നൽകിയതിൽ തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുമെന്ന് മുനിസിപ്പൽ എൻജിനീയർ അറിയിച്ചു. മൂന്ന് മാസത്തേക്ക് താൽക്കാലികമായി ഷെഡ് നിർമിക്കാനാണ് അനുമതി നൽകിയതെന്നും വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. കെ. വൽസരാജ്, സി.വി. ഗിരീശൻ, കല്ലിങ്കൽ പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.